thankachan
തങ്കച്ചൻ

കോട്ടയം /പേരാവൂർ (കണ്ണൂർ):കൊവിഡ് ബാധിച്ച് ഒരു നഴ്സ് അടക്കം രണ്ടു മലയാളികൾ വിദേശത്ത് മരിച്ചു. കോട്ടയം മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യയും നഴ്സുമായ ഫിലോമിന ജോസഫ് (63) ലണ്ടനിലാണ് മരിച്ചത്. ഒരു മാസമായി ചികിത്സയിലായിരുന്നു. ഓക്സ്‌ഫോർഡിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന ഫിലോമിന 15 വർഷമായി കുടുംബസമേതം യു.കെ.യിലാണ് താമസം. രോഗികളെ പരിചരിക്കുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിലും ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതദേഹം യു.കെയിൽ സംസ്കരിച്ചു. കണ്ണൂർ കേളകം സ്വദേശി വരപ്പോത്തുകുഴി തങ്കച്ചൻ (58) ദുബായിലാണ് മരിച്ചത്. അവിടെ കോൺട്രാക്ടർ ആയിരുന്നു. അമ്മയുടെ മരണാനന്തരചടങ്ങുകളിൽ പങ്കെടുത്തശേഷം ഫെബ്രുവരിയിലാണ് മടങ്ങിയത്. നാട്ടിലേക്ക് വരാനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ ജോളിയും തങ്കച്ചനോടൊപ്പം വിദേശത്താണ്. മക്കൾ :ജിതിൻ, ജിനിറ്റ.