തളിപ്പറമ്പ്: നാട്ടിലേക്കുള്ള തങ്ങളുടെ ട്രെയിൻ എപ്പോഴാണെന്നതടക്കമുള്ള അന്വേഷണവുമായി പൊലീസ് സ്‌റ്റേഷനിലും റോഡരികിലെ പൊലീസ് പിക്കറ്റ് പോസ്റ്റുകളിലും അന്യതൊഴിലാളികൾ എത്തി . ആലുവയിൽ നിന്നും ഒഡീഷയിലേക്ക് സ്‌പെഷ്യൽ ട്രെയിൻ മാർഗം നിരവധി പേരെ നാട്ടിലേക്ക് തിരികെ അയച്ചതായ വാർത്ത പുറത്തുവന്നതോടെയാണ് ഇന്നലെ മുതൽ തന്നെ നിരവധിയാളുകൾ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്.
പലരും കിലോമീറ്ററുകൾ നടന്നാണ് സ്‌റ്റേഷനിലെത്തിയത്. പിലാത്തറയിലും ദേശീയപാതയോരത്തും പിക്കറ്റ് പോസ്റ്റുകളിൽ ജോലിചെയ്യുന്ന പൊലീസുകാരെ സമീപിച്ചു .ഇക്കാര്യത്തിൽ തങ്ങൾക്ക് യാതൊരുവിധ വിവരവും ലഭിച്ചില്ലെന്ന പൊലീസിന്റെ മറുപടിയിൽ തൃപ്തരാവാതെയാണ് തൊഴിലാളികൾ മടങ്ങിയത്. പിലാത്തറയിൽ മാത്രം നൂറിലേറെ പേരാണ് എത്തിയതെന്ന് പൊലിസ് പറയുന്നു. പരിയാരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഏതാണ്ട് 800 ലേറെ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. അമ്മാനപ്പാറയിലെ ചില ഫാക്ടറികളിലും മറ്റ് നിർമ്മാണ തൊഴിൽ മേഖലകളിലും ഹോട്ടലുകളിലും ജോലിചെയ്യുന്ന ഇവർ ബംഗാൾ, ആസാം, ജാർഖണ്ഡ് സ്വദേശികളാണ്.
ദേശീയപാതയോരത്ത് പിലാത്തറയിൽ പിക്കറ്റ് പോസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് സംഘത്തോട് തങ്ങളെ നാട്ടിലേക്ക് എപ്പോൾ എത്തിക്കുമെന്ന് അന്വേഷിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ.