കണ്ണൂർ: ജില്ലയിൽ ഒരാൾക്കു കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. മൂര്യാട് സ്വദേശിയായ 25കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധിതനായത്. മേയ് ഒന്നിന് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 117 ആയി.
അതിനിടെ, വെള്ളി, ശനി ദിവസങ്ങളിലായി ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസത്സയിലായിരുന്ന 10 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. നാലു പേർ വെള്ളിയാഴ്ചയും ആറു പേർ ഇന്നലെയുമാണ് ഡിസ്ചാർജ് ആയത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന പന്ന്യന്നൂർ സ്വദേശി 28കാരി, കൂടാളി സ്വദേശി 30കാരൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തായിനേരി സ്വദേശി 24 കാരൻ, ചെറുവാഞ്ചേരി സ്വദേശി 21കാരി എന്നിവരാണ് വെള്ളിയാഴ്ച രോഗമുക്തരായത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് ചെറുവാഞ്ചേരി സ്വദേശി 13 കാരൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് നടുവിൽ സ്വദേശിയായ 35കാരൻ, അദ്ദേഹത്തിന്റെ 60കാരനായ അച്ഛൻ, 59കാരിയായ അമ്മ, ജില്ലാ ആശുപത്രിയിൽ നിന്ന് കുന്നോത്തുപറമ്പ് സ്വദേശി 27കാരൻ, പാപ്പിനിശ്ശേരി സ്വദേശി 36കാരൻ എന്നിവർ ഇന്നലെ ഡിസ്ചാർജ് ആയി.
ഇതോടെ ജില്ലയിൽ കൊവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 81 ആയി. 36 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.