viramikal
ഹോട്ട് സ്‌പോട്ടായ പന്ന്യന്നൂരിൽ ആരോഗ്യവകുപ്പുദ്യോഗസ്ഥർ നടത്തിയ യാത്രയയപ്പ് ചടങ്ങിൽ നിന്ന്‌

തലശ്ശേരി:സാമൂഹിക അകലവും മാസ്‌ക്കുമില്ലാതെ സഹപ്രവർത്തകയുടെ വിരമിക്കൽ ചടങ്ങ് ആഘോഷമാക്കി മാറ്റിയ പന്ന്യന്നൂരെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരോട് ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരണം ആവശ്യപ്പെട്ടു.
പന്ന്യന്നൂർ പി .എച്ച് .സി സർവീസിൽ നിന്നും വിരമിക്കുന്ന ഒ .സതിക്കാണ് സർക്കാർ മാനദണ്ഡം ലംഘിച്ചുകൊണ്ട് ആഘോഷമായ യാത്രയയപ്പ് നൽകിയത്.

പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ് മെമ്പർ , മെഡിക്കൽ ഓഫീസർ ,ഹെൽത്ത് ഇൻസ്‌പെക്ടർ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ് .കൊവിഡ് ജാഗ്രത നിർദ്ദേശങ്ങൾ സാമൂഹിക അകലം പാലിക്കലുമടക്കമുള്ള സർക്കാർ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പന്ന്യന്നൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ യാത്രയയപ്പ് ആഘോഷവും സദ്യയും നടത്തിയത്. ബുധനാഴ്ച നടന്ന ചടങ്ങിൽ ഇരുപത്തിയഞ്ചോളം പേർ പങ്കെടുത്തിരുന്നു. ഹോട്ട് സ്‌പോട്ട് പഞ്ചായത്തായ പന്ന്യന്നൂരിൽ ജനങ്ങൾക്ക് അവശ്യ സാധനങ്ങളും മരുന്നു വാങ്ങാൻ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഈ ഘട്ടത്തിൽ മാസ്‌ക് പോലും ധരിക്കാതെ സർക്കാർ ഉത്തരവ് ലംഘിച്ചുകൊണ്ട് ആഘോഷം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷണമിഷൻ സംസ്ഥാന സെക്രട്ടറി ഇ.മനീഷ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു,