കാസർകോട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ കുടുംബശ്രീ മുഖേന നൽകുന്ന 2000 കോടി രൂപയുടെ സഹായഹസ്തം പദ്ധതിയിൽ നിന്ന് കാസർകോടിന് 108 കോടി രൂപ അനുവദിച്ചു.ആദ്യം അനുവദിച്ച 93 കോടിക്ക് പുറമെ 15 കോടി രൂപ കൂടി വകയിരുത്തിയത്. വായ്പ അപേക്ഷകരുടെ എണ്ണം കൂടിയത് കാരണമാണ് ജില്ലാ കുടുംബശ്രീ മിഷന്റെ അപേക്ഷ പരിഗണിച്ചു കൂടുതൽ തുക അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

കാസർകോടിന് അനുവദിച്ച വായ്പയുടെ വിതരണത്തിനായി ഈ തുക മുഴുവൻ ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ട്. സഹകരണ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ എന്നിവ മുഖേനയാണ് വായ്പ നൽകുന്നത്.

കാസർകോട് ജില്ലയിലെ 9882 അയൽക്കൂട്ടങ്ങളിലായി അപേക്ഷ സമർപ്പിച്ച 1,66,000 അംഗങ്ങൾക്ക് വായ്പ നൽകും. അയ്യായിരം മുതൽ പതിനായിരവും ഇരുപതിനായിരവും വരെ വായ്പ നൽകുന്നുണ്ട്.

ജില്ലയിൽ കൊവിഡ് ബാധിത പ്രദേശങ്ങളായ കാസർകോട് നഗരസഭ, ചെമ്മനാട്, ചെങ്കള, മൊഗ്രാൽ പുത്തൂർ, മധൂർ എന്നീ പഞ്ചായത്തുകൾക്ക് വായ്പ വിതരണത്തിന് കൂടുതൽ തുക നീക്കിവെച്ചിട്ടുണ്ട്.

കൂടുതൽ കോടോം ബേളൂരിന്

കുറവ് ബെള്ളൂരിന്

ഏറ്റവും കൂടുതൽ തുക വായ്പയായി നൽകുന്നത് കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലാണ്. 436 അയൽക്കൂട്ടങ്ങൾക്കായി 4.45 കോടി രൂപയാണ് നൽകുന്നത്. 94 അയൽക്കൂട്ടങ്ങളുള്ള ബെള്ളൂരിലാണ് ഏറ്റവും കുറവുള്ളത്. പിലിക്കോട് ഗ്രാമ പഞ്ചായത്ത് സി .ഡി .എസിന് 3.10 കോടിയും തൃക്കരിപ്പൂരിന് കോടിയും നൽകും. കാസർകോട് നഗരസഭക്ക് ആദ്യം അനുവദിച്ച 1.80 കോടിക്ക് പുറമെ ഏഴ് കോടി കൂടി അനുവദിച്ചു. രണ്ട് സി .ഡി .എസുകളുള്ള കാഞ്ഞങ്ങാട് നഗരസഭയിൽ 6.05 കോടി രൂപ നൽകി. നീലേശ്വരം നഗരസഭയിൽ 3.60 കോടിയും അനുവദിച്ചു. ജില്ലയിലെ പിന്നോക്ക മേഖലകളിലും കിഴക്കൻ മലയോര മേഖലകളിലും വായ്പ നൽകുന്നതിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

ബൈറ്റ്

വായ്പ വിതരണത്തിൽ ജില്ലയിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടു. അർഹത പരിശോധിച്ച് മുഴുവൻ അപേക്ഷകർക്കും വായ്പ നൽകും- കുടുംബശ്രീ ജില്ലാമിഷൻ