കണ്ണൂർ: സ്വന്തം വീട് പണിക്കിടെ ടെറസിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി വീൽ ചെയറിൽ ജീവിതം നയിക്കുന്ന സുകുമാരൻ കുട നിർമ്മാണത്തിലൂടെയും വിത്ത് പേന നിർമ്മാണത്തിലൂടെയും തണലുതേടുകയാണ് .കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം ഒൻപത് വർഷങ്ങൾക്ക് മുൻപാണ് അപകടത്തിൽ പെട്ടത്.
നട്ടെല്ല് നുറുങ്ങി അരക്കു താഴെ ചലന ശേഷി നഷ്ടപ്പെട്ട ഇദ്ദേഹത്തിന് തുടർ ചികിത്സയ്ക്കും ലോൺ അടയ്ക്കാനും ആ വീടും വസ്തുവും വിൽക്കേണ്ടി വന്നിട്ടും തളരാതെ പോരാടുകയാണിപ്പോഴും .രോഗിയായ ഭാര്യ സപ്നയും ചേർന്ന് പള്ളിക്കുന്നിലെ വാടക വീട്ടിൽ കുട്ടികൾക്കും മുതിർന്നവരും ഉപയോഗിക്കുന്ന വർണ്ണ കുടകൾ നിർമ്മിച്ച് വിതരണം ചെയ്യുമ്പോൾ ആ കുടകൾ തണലേകുന്നത് ഈ നിർദ്ധന കുടുംബത്തിനാണ്.
വർഷങ്ങൾക്ക് മുൻപ് കണ്ണൂർ പാലിയേറ്റിവ് കെയർ സംഘടിപ്പിച്ച കുട നിർമ്മാണ പരിശീലന പരിപാടിയിൽ നിന്നാണ് സുകുമാരൻ കുട നിർമ്മാണത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത് .
ഇപ്പോൾ രണ്ട് വർഷക്കാലമായി വൻകിട കുട നിർമ്മാണ കമ്പനികളോട് കിട പിടിക്കുന്ന എല്ലാം തരം കുടകളും ഇവർ നിർമ്മിച്ച് വിതരണം ചെയ്തു വരികയാണ്. നവമാദ്ധ്യമങ്ങൾ മുഖേനയുള്ള പ്രചാരണം മൂലം അടുത്ത വർഷ കാലത്തേക്കുള്ള കുടകൾക്ക് നിരവധി ഓർഡർ ലഭിക്കുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ കാരണം കോഴിക്കോട് നിന്നും നിർമ്മാണത്തിനുള്ള സാമഗ്രികൾ എത്താത്തത് ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
കുടകൾക്ക് പുറമെ വിത്ത് അടങ്ങിയ കടലാസ് പേനകൾ, വിവിധ തരം കുളിക്കുന്ന സോപ്പുകൾ, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫ്ലോർ ക്ളീനർ, പേപ്പർ ബാഗ് ഇവയൊക്കെ ഉണ്ടാക്കി ഉപജീവന മാർഗം കണ്ടെത്തുകയാണ് സുകുമാരനും ഭാര്യ സപ്നയും. ഫോൺ : 9745948453.