കണ്ണൂർ: കണ്ണൂരിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1140 തൊഴിലാളികളാണ് സ്വദേശമായ ബിഹാറിലേക്ക് മടങ്ങിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ വൈകിട്ട് ഏഴ് മണിക്കായിരുന്നു ആദ്യ സംഘം യാത്രയായത്. ജില്ലാ കളക്ടർ ടി.വി സുഭാഷ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തു.
കൊവിഡിന്റെ ഭീതിയിൽ കഴിയുമ്പോൾ തങ്ങളെ സംരക്ഷിക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്ത നൽകുകയും ചെയ്ത ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത്. ഇന്ന് ഒരു ട്രെയിൻ കൂടി ബീഹാറിലേക്ക് പുറപ്പെടും.
തൊഴിലാളികളെ 40 കെ.എസ്.ആർ.ടി.സി ബസുകളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. കണ്ണൂർ ഡിപ്പോയിൽ നിന്നും 30 ബസുകളും തലശ്ശേരി ഡിപ്പോയിലെ 10 ബസുകളുമാണ് തൊഴിലാളികളെ എത്തിക്കാൻ ഉപയോഗിച്ചത്. സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസിൽ 30 പേരുമായിട്ടായിരുന്നു യാത്ര. കണ്ണൂർ കോർപ്പറേഷനു പുറമെ അഴീക്കോട്, ചെമ്പിലോട്, ചിറക്കൽ, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം, കൊളച്ചേരി, ധർമ്മടം, കൂടാളി പഞ്ചായത്തുകളിൽ നിന്നുമായി 1140 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച രാവിലെ ട്രെയിൻ ബീഹാറിലെ സഹർസ റെയിൽവേ സ്റ്റേഷനിൽ എത്തും.