കണ്ണൂർ: സർക്കാരിന്റെ കർശന നിർദ്ദേശം ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ യോഗം വിളിച്ചു കൂട്ടിയതിന് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. യോഗത്തിൽ സാമൂഹ്യ അകലം പാലിച്ചില്ല. അവിടെ പങ്കെടുത്തവരെയെല്ലാം തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തി. ട്രെയിനിൽ യാത്ര ചെയ്യുന്നതിനുള്ള ചെലവും ഭക്ഷണ ചെലവും കേന്ദ്ര സർക്കാരാണ് വഹിക്കുന്നതെന്ന വസ്തുത മറച്ചു വെച്ചാണ് പ്രസിഡന്റ് അവിടെ പ്രസംഗിച്ചത്. രണ്ട് കെ.എസ്.ആർ.ടി.സി ബസിൽ യാത്രയാക്കിയതും സർക്കാർ നിർദ്ദേശം ലംഘിച്ചാണ്. ആവശ്യമായത്രയും വാഹനം യാത്രയ്ക്ക് നൽകിയില്ലെന്നും കെ.കെ.വിനോദ് കുമാർ ആരോപിച്ചു.