കോഴിക്കോട്: വിദേശങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ അലമുറയിടുന്ന സർക്കാർ, അവർ ഇവിടെ എത്തിയാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളിൽ പുലർത്തുന്ന അവ്യക്തത ആശങ്കയ്ക്ക് ഇടയാക്കുന്നു. പ്രവാസികളെ നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങളെല്ലാം ആയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും നിരീക്ഷണ കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ കൃത്യത ഇല്ലാതെ സംസ്ഥാന സർക്കാർ. ഈ വിഷയത്തിൽ ഹൈക്കോടതി മൂന്നുവട്ടം നിലപാട് അറിയിക്കാൻ പറഞ്ഞിട്ടും സർക്കാർ മറുപടി നൽകിയിട്ടില്ല. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി.
ഇതിൽ എത്രപേർക്ക് നിരീക്ഷണത്തിൽ കഴിയാനുളള കെട്ടിടങ്ങൾ നിലവിൽ സജ്ജമാണ് എന്ന് വ്യക്തമാക്കാൻ സർക്കാരിന് ഇതേവരെ കഴിഞ്ഞിട്ടില്ല. മടങ്ങി എത്താനുള്ളവരുടെ എണ്ണവും ഇവിടെ ഒരുക്കി എന്ന് സർക്കാർ അവകാശപ്പെടുന്ന സൗകര്യങ്ങളും താരതമ്യം ചെയ്താൽ പകുതി ആളുകളെ പോലും ഉൾകൊള്ളാൻ കഴിയില്ലെന്ന് വ്യക്തമാകും. കോഴിക്കോട് നഗര പരിധിയിൽ മാത്രം വിദേശത്തുനിന്ന് 7000 ലേറെപേർ മടങ്ങി എത്തുമെന്നാണ് കണക്ക്.
എന്നാൽ ഇതുവരെ കണ്ടെത്തിയതാകട്ടെ പത്ത് കെട്ടിടങ്ങൾ മാത്രം. കണ്ണൂർ, മലപ്പുറം, പാലക്കാട്, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിലെ കണക്കിന്റെ പട്ടികകൂടി കൂട്ടുമ്പോൾ കോഴിക്കുള്ളതിന്റെ എത്രയോ ഇരട്ടി വരും. വൈറസ് വ്യാപനത്തിനം തടയാൻ ഇതേവരെ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തുന്നവർകൂടി ആകുന്നതോടെ വരും ദിവസങ്ങളിൽ എന്താകുമെന്ന് പ്രവചിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.