കണ്ണൂർ: ലോക്ക് ഡൗണിൽ അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ സ്വീകരിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം തുടങ്ങി. റെഡ് സോണിൽ തുടരുന്നതിനിടെ നാട്ടിൽ എത്താൻ രജിസ്റ്റർ ചെയ്ത 16,000 പേർ കൂടി എത്തുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇവരെ കർശന പരിശോധനയ്ക്ക് ശേഷമേ നാട്ടിലെത്തിക്കൂ. കൂട്ടുപുഴ വഴിയൊക്കെ അടച്ചിട്ടതിനാൽ മാഹി, കാലിക്കടവ്, നെടുംപൊയിൽ വഴി മാത്രമാണ് പ്രവേശനം. വീടുകളിലെത്തിയാൽ വീട്ടുകാരും നിരീക്ഷണത്തിൽ കഴിയണം. ഇത് നിരീക്ഷിക്കാനും മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. വൈറസ് ബാധ സ്ഥിതീകരിക്കുന്നവരെ ചികിത്സാ കേന്ദ്രത്തിലേക്ക് നീക്കും. കൊവിഡ് കെയർ സെന്ററിൽ കഴിയാൻ താത്പര്യമുള്ളവരെ അവിടേക്കും നീക്കാനാണ് തീരുമാനം.
അതിർത്തിയിലെത്തുന്ന ബന്ധുക്കളെ കൊണ്ടുവരാനായി പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക പാസും നൽകുന്നുണ്ട്. വീടുകളിൽ എത്തിയാൽ നിയന്ത്രണം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ്, വാർഡ് അംഗം, ആശാ വർക്കർ, മൂന്ന് സർക്കാർ ജീവനക്കാർ എന്നിവർ വാർഡ് തല നിരീക്ഷണത്തിനുണ്ട്. കാസർകോടിനെ അപേക്ഷിച്ച് അതിതീവ്ര മേഖലയായതാണ് കണ്ണൂരിലേക്കുള്ള ഇവരുടെ വരവ് ആശങ്കപ്പെടുത്തുന്നത്. അതിർത്തികളിൽ എല്ലാ സംവിധാനവും ഇതിനകം തയ്യാറായിട്ടുണ്ട്. അവശ്യ സർവീസുകളെല്ലാം മുടക്കമില്ലാതെ അതിർത്തി കടന്നെത്തുന്നുണ്ട്.