കാസർകോട്: ഇതരസംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ എത്തുന്നവരുടെ വിവരങ്ങൾ, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നതിനായുള്ള വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ദേശീയ പാതകളായ 66, 47, 48 എന്നിവയിലൂടെ കേരളീയരായ ആളുകൾ സ്വദേശത്തേക്ക് മടങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് സജ്ജീകരണങ്ങൾ ഒരുക്കിയത്. ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ്, ഡൽഹി, ബീഹാർ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുളളവർ തലപ്പാടി വഴി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4500 ഓളം പേർ സർക്കാരിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണി മുതൽ തലപ്പാടി ചെക്ക് പോസ്റ്റുകളിൽ 100 ഹെൽപ് ഡെസ്‌ക്കുകളാണ് പ്രവർത്തനം തുടങ്ങിയത്.
അതിർത്തിയിലെത്തുന്ന ഓരോ വാഹനത്തിനും ആർ.ടി.ഒ, പൊലീസ് ഉദ്യോഗസ്ഥർ ടോക്കൺ നൽകും. ഒന്നു മുതൽ 100 വരെയുള്ള ടോക്കണാണ് നൽകുന്നത്. ടോക്കണിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഹെൽപ് ഡെസ്‌ക്കുകളിലേക്ക് ക്യാപ്റ്റൻ, ഡ്രൈവർ എന്നിവരെ രേഖകൾ പരിശോധിക്കുന്നതിന് കടത്തി വിടൂ. വാഹനത്തിൽ നിന്ന് ക്യാപ്റ്റൻ, ഡ്രൈവർക്ക് മാത്രമേ പുറത്തിറങ്ങാൻ അനുമതി ഉള്ളൂ. നാല് സീറ്റ് വാഹനത്തിൽ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തിൽ അഞ്ചു പേർ എന്നിങ്ങനെയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. രേഖകളുടെ അടിസ്ഥാനത്തിൽ ഒരു ജെ.എച്ച്.ഐ, ആർ.ടി.ഒ റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങൾ, കോവിഡ് പ്രോട്ടോകോൾ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ ആളുകളെ കടത്തി വിടൂ. രോഗ ലക്ഷണങ്ങൾ ഉള്ളവരെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും. പരിശോധനയ്ക്കു് ശേഷം കാസർകോട് ജില്ലയിലുളളവരാണെങ്കിൽ അവരെ ആംബുലൻസിൽ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കും. മറ്റ് ജില്ലയിലുളളവരാണെങ്കിൽ സ്വദേശത്ത് എത്തിക്കുന്നതിന് അവരുടെ ചെലവിൽ ആംബുലൻസ് ഏർപ്പെടുത്തി കൊടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഹെൽപ് ഡെസ്‌ക്കുകൾ ഓരോ അര മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കും. 20 ഹെൽപ് ഡെസ്‌ക്കുകൾക്ക് ഒരാളെന്ന തോതിൽ 100 ഹെൽപ് ഡെസ്‌ക്കുകളിൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും മൂന്നു ഷിഫ്റ്റുകളായി 15 സംരംഭകരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ അതിർത്തി കടന്ന് ഓൺലൈൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കൂടുതൽ ആളുകൾ വാഹനത്തിൽ എത്തിച്ചേരാൻ സാധ്യത ഉള്ളതിനാൽ നാളെ മുതൽ ആദ്യത്തെ നാലു ദിവസങ്ങളിൽ അതിർത്തിയിൽ ഒരുക്കിയിട്ടുളള സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.