pic

കണ്ണൂർ: ലോക്ക് ഡൗണിന്റെ മറവിൽ വ്യാജവാറ്റ് സജീവമായതോടെ എക്സൈസ് പരിശോധന വ്യാപകമാക്കി. ഇരിട്ടി റേഞ്ച് പരിധിയിലെ കീഴ്പ്പള്ളി, വിയറ്റ്നാം, ആറളം, പായം, എരുമത്തടം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ വിയറ്റ്നാം ഭാഗത്ത് പുഴക്കരയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർ കെ.പി പ്രമോദ് നേതൃത്വം നൽകി.


മട്ടന്നൂർ റെയിഞ്ചിലെ മട്ടന്നൂർ ടൗൺ, മരുതായി, ചാവശ്ശേരിപറമ്പ്, പഴശ്ശി ഡാം, പടിയൂർ, കുയിലൂർ, പെരുമണ്ണ്, കല്ലുവയൽ, ചവിട്ടുപാറ, മാങ്കുഴി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പടിയൂർ-ചവിട്ടുപാറയിൽ നിന്നും 50 ലിറ്റർ വാഷ് കണ്ടെത്തി. റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി.വി സുലൈമാൻ നേതൃത്വം നൽകി.

പാപ്പിനിശ്ശേരി റെയിഞ്ചിന്റെ പരിധിയിൽ വിളയാങ്കോട് പാറത്തോട് തോടിനരികിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 170 ലിറ്ററിലധികം വാഷ് കണ്ടെത്തി. എക്‌സൈസ് ഇൻസ്‌പെകർ എ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.പിണറായി എക്‌സൈസ് റെയിഞ്ച് പരിധിയിൽ പ്രവർത്തനം നിലച്ച വട്ടിപ്രം മേഖലയിലെ കരിങ്കൽ ക്വാറികളിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 250 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർ ബി. നസീറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പേരാവൂർ എക്‌സൈസ് നിടുംപൊയിൽ ഇരുപത്തിഒമ്പതാം മൈൽ - ഏലപ്പീടിയ ഭാഗത്ത് കൊട്ടിയൂർ റിസർവ് ഫോറസ്റ്റിൽ നടത്തിയ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർ പി.സി ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് പരിധിയിൽ ആമ്പിലാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാനായി പാകപ്പെടുത്തിയ100 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർ കെ.കെ നജീബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലോക് ഡൗൺ പ്രഖ്യാപനത്തിനു ശേഷം 4170ലിറ്ററിലധികം വാഷും 13 ലിറ്റർ ചാരായവുമാണ്‌ റെയ്ഞ്ച് പരിധിയിൽ നിന്നും പിടികൂടിയത്.