cm

കണ്ണൂർ: കേരള മുഖ്യമന്ത്രി ആരാണ്? ചോദ്യം ചെമ്പിലോട് പഞ്ചായത്ത് പ്രിസിഡണ്ടിന്റേതാണ്. അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയ യാത്രയയപ്പിലാണ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ അതി വിധേയത്വവും കൊവിഡ് നിയന്ത്രണ ലംഘനവും അരങ്ങേറിയത്. അതിഥിതൊഴിലാളികളെ യാത്രയാക്കാൻ സാമൂഹിക അകലം പാലിക്കാതെ കണ്ണൂ ചെമ്പിലോട് പഞ്ചായത്തിലാണ് 70 ലേറെ പേരെ ഒരുമിച്ചിരുത്തി ക്ളാസെടുത്ത് പറഞ്ഞുവിട്ടത്.

നാട്ടിലേക്ക് പോകാനുള്ള ട്രെയിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഭക്ഷണവും താമസവും ഒരുക്കിതന്നത് പിണറായി വിജയനാണെന്ന് നാട്ടിലെത്തി എല്ലാവരോടും വിളിച്ച് പറയണമെന്നായിരുന്നു ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ആഹ്വാനം. അനധികൃതമായി ചേർന്ന യോഗത്തിന്റെ ദൃശ്യങ്ങളും ഇതിനകം സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞ് കഴിഞ്ഞു. വിഷയം വിവാദമായിട്ടും പ്രസിഡന്റ് താൻ ചെയ്ത കാര്യം ന്യായീകരിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സമ്മർദം കൊണ്ട് മാത്രമാണ് ട്രെയിൻ അനുവദിച്ചതെന്ന് യോഗത്തിൽ പ്രസിഡന്റ് ടി.വി ലക്ഷ്മി പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പേര് എന്തെന്ന് പറയാൻ പഞ്ചായത്ത് പ്രസിഡന്റ് അതിഥി തൊഴിലാളികളോട് ഉച്ചത്തിൽ ആവശ്യപ്പെടുന്നതും ഒരാൾ പരിഭാഷപ്പെടുത്തുന്നതും ദൃശ്യത്തിൽ കാണാനുണ്ട്. നിയമവും നിയന്ത്രണവും ലംഘിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നകാ ഒരുങ്ങുകയാണ് കോൺഗ്രസ്, ബി.ജെ.പി നേതൃത്വം. സി.പി.എം പ്രാദേശിക നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. ലോക്ക് ഡൗൺ സമയത്ത് യോഗം നടത്താൻ പഞ്ചായത്തിന് അവകാശമുണ്ടെന്നാണ് പ്രസിഡണ്ടിന്റെ വാദം.