പാനൂർ: വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ അക്ഷരവൃക്ഷം പദ്ധതി വഴി തിരഞ്ഞെടുക്കപ്പെട്ട മികച്ച കഥാകാരിക്ക് കത്തിലൂടെ അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസമന്ത്രി. പാനൂർ കെ.കെ.വി.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അസ്വലഹ ഫർഹത്തിനാണ് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് ലഭിച്ചത്. ഇ-മെയിൽ ലഭിച്ച സന്തോഷത്തിലാണ് അസ്വലഹയും കുടുംബവും നാട്ടുകാരും.
ലോക് ഡൗൺ കാരണം വീട്ടിലിരിക്കുന്ന വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന തലത്തിൽ നടക്കുന്ന ഓൺലൈൻ പരിപാടിയായ അക്ഷരവൃക്ഷം പദ്ധതിയിൽ എഴുതിയ കഥക്കാണ് അംഗീകാരം കിട്ടിയത്. കെവിഡ് ചികിത്സ നൽകുന്ന ആശുപത്രിയുടെ പശ്ചാതലത്തിൽ സേവനത്തിനിടയിൽ മരണപ്പെട്ട് മാലാഖയാവുന്ന നഴ്സിന്റെ കഥയാണ് 'മാലാഖ' എന്ന പേരിൽ അസ്വലഹ എഴുതിയത്.
കഥ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ സ്‌കൂൾ വീക്കിലിയിലെ ഓൺ കഥാ സമാഹാരമായ 'കൊവിഡ് 19 കഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൂർ മീനോത്ത് താമസിക്കുന്ന അസ്വലഹ ടി.കെ ഇസ്മാഈലിന്റെയും ആയിശയുടെയും മകളാണ്.