ചീമേനി: ഉത്തരകേരളത്തിലെ പ്രസിദ്ധമായ ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവം നിറുത്തിവയ്ക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. മേയ് നാല് മുതൽ 15 വരെ നടത്തേണ്ടിയിരുന്ന ക്ഷേത്രത്തിലെ ഉത്സവമാണ് കൊവിഡ് രോഗബാധയെ തുടർന്നുള്ള കേന്ദ്ര സംസ്ഥാന സർക്കാരിന്റെ നിയന്ത്രണ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചത്. കേരളത്തിലെയും കർണ്ണാടകത്തിലെയും വിവിധ പ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഭക്തജനങ്ങൾ കളിയാട്ട മഹോത്സവം കഴിയുന്നത് വരെ ഓരോ ദിവസവും ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്.
എല്ലാ ദിവസവും രണ്ടുനേരവും ഭക്തർക്ക് അന്നദാനം നൽകുന്നത് ചീമേനിയിലെ പ്രശസ്തമായ ചടങ്ങുകളിലൊന്നാണ്. മാറാവ്യാധിയിൽ നിന്ന് മോക്ഷം നേടുന്നതിന് ക്ഷേത്രത്തിൽ വന്ന് താമസിച്ചു സദാസമയവും പ്രാർത്ഥന നടത്തുന്ന സമ്പ്രദായവും ചീമേനിയിലെ മാത്രം ആരാധനാ രീതിയാണ്. ഉത്സവം നിർത്തിവെക്കുന്നത് ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്തതാണെന്നും ഈ വർഷം ഉത്സവ പ്രാർത്ഥനയ്ക്കായി ബുക്ക് ചെയ്തവർക്ക് 2021 ലെ ഉത്സവ സമയത്ത് പ്രാർത്ഥന നടത്താവുന്നതാണെന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ.എം ദാമോദരൻ പറഞ്ഞു.
ലോക്ക്ഡൗൺ കാലത്തെ ആശ്വാസത്തിനായി ചീമേനി ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രത്തിലെ തെയ്യം കലാകാരന്മാർക്കും മറ്റു ആചാര സ്ഥാനികർക്കും കളിയാട്ടം ആരംഭിക്കുന്ന ദിവസമായ ഇന്നലെ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ചീമേനി ക്ഷേത്ര കമിറ്റി പ്രസിഡന്റ് കെ.എം. ദാമോദരൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വത്തിലെ മറ്റുഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.