കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. ആയിരക്കണക്കിന്ന് വാഴകളും കവുങ്ങുകളും, തെങ്ങുകളും നിലംപതിച്ചു. അരയി, കുളിയങ്കാൽ, മുട്ടോച്ചിറ ആലാമിപള്ളി, തോയമ്മൽ ഭൂതാനം, മോനാച്ച പടന്നക്കാട് കുറുന്തൂർ എന്നിവിടങ്ങളിൽ മരങ്ങൾ, വൈദ്യുതി തൂണുകളും കെട്ടിടങ്ങളിലെ സൺ സൈഡ് അടക്കം നിലംപൊത്തി. വൈദ്യുതി ബന്ധം നിലച്ചു. കുരുന്തൂറിലെ രാഘവന്റെ രണ്ടു തെങ്ങുകളും പട്ടാക്കാൽ ബാലന്റെ കോവയ്ക്ക പന്തലും തകർന്നു. ഒരു ക്വിന്റ ലോളം കോവയ്ക കിട്ടുന്ന പന്തലാണ് തകർന്നത്.

കൂളിയങ്കാലിനടുത്ത മൃട്ടോ ചിറയിൽ പി.കെ. മധു, ഇ.എൽ. നാസർ എന്നിവരുടെ കുലച്ചു തുടങ്ങിയ വാഴകളാണ് നിലംപതിച്ചത്. മടിക്കൈ പഞ്ചായത്തിലും നേന്ത്രവാഴ തോട്ടങ്ങൾ അപ്പാടെ ശക്തമായ കാറ്റിൽ നിലംപതിച്ചു. രാവണീശ്വരത്ത് നൂറുകണക്കിന് നേന്ത്രവാഴകളാണ് നിലംപൊത്തിയത്. കെ.വി. രാഘവൻ, ഗണേശൻ, ടി.സി .ദാമോദരൻ, കാർത്ത്യായനി, കൃഷ്ണൻ, അശോകൻ, ജയശ്രീ, മുരളി, വിജയൻ നാരായണൻ തുടങ്ങി മുപ്പതോളം പേരുടെ വാഴകളാണ് ഒടിഞ്ഞു വീണത്.

കൊവിഡ് കാലമായതിനാൽ പാകമായ കാർഷികോത്പ്പന്നങ്ങൾ വിളവെടുക്കാൻ സാധിക്കാത്ത കർഷകരുടെ മേൽ മറ്റൊരു ദുരിതമാണ് വേനൽ മഴവിതച്ചത്. കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലേയും കൃഷിക്കാർക്കുണ്ടായ നഷ്ടങ്ങളുടെ വിവരം അടിയന്തിരമായി ശേഖരിച്ച് കൃഷിവകുപ്പിന് നൽകാൻ കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന് നഗരസഭ ചെയർമാൻ വി.വി. രമേശൻ നിർദ്ദേശം നൽകി. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.. ദാമോദരൻ എന്നിവർ നേന്ത്രവാഴ തോട്ടങ്ങൾ സന്ദർശിച്ചു.