nattilekk
പടം മന്ത്രി ഇ ചന്ദ്രശേഖരൻ ഇടപെട്ടു കുടുസു മുറിയിൽ നിന്ന് മോചിപ്പിച്ചവർ നാട്ടിലേക്ക്

കാസർകോട്: ലോക്ക് ഡൗണിനെ തുടർന്ന് 42 ദിവസമായി സ്‌കൂട്ടർ വർക്ക് ഷോപ്പിലെ കുടുസുമുറിയിൽ കഴിഞ്ഞ തിരുവനന്തപുരം,പാലക്കാട് സ്വദേശികളായ മൂന്നുപേരെ മന്ത്രി ഇ.ചന്ദ്രശേഖരൻ മുൻകൈയ്യെടുത്ത് അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി. തിരുവനന്തപുരം പേരൂർക്കടയിലെ സജി സണ്ണി, തിരുവനന്തപുരം മീനാങ്കരയിലെ ആർ.എൻ.നികേത്, പാലക്കാട് കുഴൽമന്ദത്തെ രാജീവ്ബാൽ എന്നിവരാണ് കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലെ ഒരു ടുവീലർ വർക്ക് ഷോപ്പിൽ ഇത്രയും ദിവസം കഴിഞ്ഞുകൂടിയത്.

സജി സണ്ണിയും നികേതും ഒരുകാറിലും രാജീവ് ബാൽ മറ്റൊരു കാറിലുമാണ് യാത്രയായത്. രാജീവ് ബാലിനെ സഹായിക്കാൻ കാഞ്ഞങ്ങാട് പുതുക്കൈയിലെ എം.ഗിരീഷ്‌കുമാർ മുന്നോട്ടുവരികയായിരുന്നു. മറ്റുള്ള രണ്ടുപേർക്കും തിരുവനന്തപുരത്ത് നിന്നു കാർ എത്തിക്കുകയായിരുന്നു. ഗിരീഷ്‌കുമാറിന്റെ കാറിൽ മൂന്നു പേരും കണ്ണൂർ വരെയെത്തി. ഇതിനിടെ സജിസണ്ണിയേയും നികേതിനേയും കൂട്ടിക്കൊണ്ടുപ്പോകാൻ ഏർപ്പാടാക്കിയ കാർ തിരുവനന്തപുരത്തു നിന്നു കണ്ണൂരിലെത്തിയിരുന്നു. രണ്ടു കാറിനുമുള്ള യാത്രാ പാസ് മന്ത്രിയുടെ ഓഫീസിൽ നിന്നു തന്നെ ശരിയാക്കി നൽകുയായിരുന്നു. അമേരിക്കൻ ആഡംബര കപ്പലിലെ ഉദ്യോഗസ്ഥനാണ് ഇവരെ സഹായിക്കാൻ മുന്നോട്ടുവന്ന ഗിരീഷ്‌കുമാർ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗന്ദര്യവർദ്ധക പരിശീലന സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥരാണ് സജിസണ്ണിയും രാജീവ്ബാലും നികേതും. മാർച്ച് 16ന് സജിയും 20ന് നികേതും മംഗ്ലൂരുവിലെ ബ്രാഞ്ചിലെത്തി. ജനതാകർഫ്യൂ ദിനമായ രാതി മംഗ്ലൂരുവിലെ സ്ഥാപനം സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉടമ അടച്ചതോടെ പിറ്റേന്ന് രാവിലെ ഇവർ അവിടെ നിന്നിറങ്ങി. ഇവർക്കൊപ്പം ആ ബ്രാഞ്ചിലെ മാനേജരായ രാജീവ്ബാലും പുറപ്പെട്ടു. മംഗ്ലൂരു കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും സ്വകാര്യ ബസ് സ്റ്റാൻഡിലുമെല്ലാം പോയി അലഞ്ഞു. ഒടുവിൽ കിട്ടിയ ഒരു ഓട്ടോറിക്ഷയിൽ ഇരട്ടിച്ചാർജ് കൊടുത്ത് തലപ്പാടിയിലെത്തി. അവിടെ മണിക്കൂറുകൾ കാത്തു നിന്നു. തലപ്പാടിയിൽ നിന്ന് മറ്റൊരു ഓട്ടോയിൽ കയറി കാസർകോട്ടേക്കു വന്നു. അതിനിടെ സ്ഥാപനത്തിന്റെ ഉടമ ശിവകുമാർ വിളിച്ചത് പ്രകാരം കാഞ്ഞങ്ങാട്ടെ അയാളുടെ സുഹൃത്താണ് സ്‌കൂട്ടർ വർക്ക് ഷോപ്പ് തുറന്നു കൊടുത്തത്. കാസർകോട് നിന്നു പൊലീസുകാർ ഇവരെ കാഞ്ഞങ്ങാട്ടെത്തിക്കുകയായിരുന്നു.

കാഞ്ഞങ്ങാട്ടെ കമ്മ്യൂണിറ്റി അടുക്കളയിൽ നിന്നു ഉച്ചക്ക് ചോറ് കിട്ടും. രാത്രിയും രാവിലെയും റൊട്ടിയോ മറ്റോ കഴിച്ച് വിശപ്പടക്കിയാണ് ഇത്രയും ദിവസം ഇവർ ഒരു മുറിയിൽ നടന്നും ഇരുന്നും കഴിഞ്ഞത്.