മാഹി: പുതുച്ചേരി സംസ്ഥാനത്ത് മാഹി ഉൾപ്പെടെ ഇന്ന് മുതൽ കടകളും, വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുവാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം 5 മണി വരെയാണ് കടകൾക്ക് തുറക്കുവാൻ അനുമതി. എന്നാൽ മാഹിയിൽ ഉച്ചക്ക് രണ്ട് മണി വരെ ആയിരിക്കും.

വ്യാപാരികൾ സാനിറ്ററൈസർ കടകളിൽ കരുതുകയും, ആളുകൾ അകലം പാലിച്ച് നിൽക്കുകയും വേണം. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറത്ത് ഇറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഹോട്ടലുകൾ തുറക്കാമെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി പാർസൽ നൽകാം. എന്നാൽ സംസ്ഥാനത്തെ മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.