baby

കാസർകോട്: കൊവിഡ് രോഗം ഭേദമായി രണ്ടാഴ്ച മുമ്പ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു മടങ്ങിയ ഗർഭിണിയായ യുവതി വീട്ടിൽ പ്രസവിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രദേശത്തെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് പ്രസവിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിനായി ആവശ്യപ്പെട്ടെങ്കിലും റോഡ് തടസം കാരണം ഒരുമണിക്കൂറോളം വൈകി എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു.

കാസർകോട് ജനറൽ ആശുപത്രി കൊവിഡ് ചികിത്സയ്ക്കു മാത്രമാക്കിയതിനാൽ ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിലേക്ക് പ്രസവ ചികിത്സ മാറ്റിയിരുന്നു. അമ്മയെയും കുഞ്ഞിനെയും അവിടേക്കു കൊണ്ടുപോയെങ്കിലും കൊവിഡ് ചികിത്സ കഴിഞ്ഞുവന്നതിനാൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. ബന്ധുക്കൾ ബഹളം വച്ചതിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രത്യേക സംവിധാനം ഒരുക്കി അവിടേക്കു കൊണ്ടുപോവുകയായിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രസവവേദന അനുഭവപ്പെട്ടതായി പൊലീസിനു വിവരം ലഭിച്ചത്. സി.ഐ അടക്കമുള്ള സംഘം ഉടനെ സ്ഥലത്തെത്തിയെങ്കിലും ആംബുലൻസ് കടന്നുവരേണ്ട പ്രദേശത്തെ റോഡുകളെല്ലാം അടച്ചിട്ടിരുന്നതിനാൽ എത്താൻ ഒരു മണിക്കൂറെടുത്തു. ആരോഗ്യ പ്രവർത്തകർ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ കയറ്റുമ്പോൾ രണ്ടു മണി കഴിഞ്ഞിരുന്നു. ഡി.എം.ഒ അടക്കമുള്ളവർ ഇടപെട്ടാണ് മൂന്നു മണിയോടെ ജനറൽ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയത്.

പ്രസവത്തിന് നാട്ടിൽ തന്നെയുള്ള ഏതെങ്കിലും ആശുപത്രിയിൽ സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ വകുപ്പ് പരിഗണിച്ചില്ലെന്ന് യുവതിയുടെ ഭർത്താവ് പരാതിപ്പെട്ടു. ചികിത്സ നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മാനസികമായ പീഡനം ഉണ്ടായെന്നും ഭർത്താവ് പറഞ്ഞു. ഭാര്യയ്ക്കൊപ്പം ആംബുലൻസിൽ പോകാൻ ഭർത്താവിനെ അനുവദിച്ചിരുന്നില്ല. ഭർത്താവും നേരത്തെ കൊവിഡ് ബാധിച്ച് രോഗമുക്തനായ ആളാണ്. രാവിലെ 11 മണിക്ക് പൊലീസ് ഫ്ളയിംഗ് സ്‌ക്വാഡ് രണ്ടു തവണ ഇവരുടെ വീട്ടിലെത്തി ആരോഗ്യ പ്രശ്നങ്ങളോ ആശുപത്രിയിൽ പോകേണ്ട സാഹചര്യമോ ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നതായി മേൽപ്പറമ്പ് സി.ഐ ബെന്നിലാലു പറഞ്ഞു. ആംബുലൻസ് സൗകര്യത്തിന്‌ പ്രത്യേക നമ്പരു കൈമാറിയിരുന്നു.