pic-

കാസർകോട്: മട്ടന്നൂർ മുന്നൂരിലെ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ആംബുലൻസിൽ നിന്ന് 90 പാക്കറ്റ് പാൻമസാലയുമായി ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാഷ്ട്രീയ വിവാദം. പാൻ മസാല കടത്തിയതിന് ഡ്രൈവർ കണ്ണൂർ മട്ടന്നൂർ സ്വദേശി പി.പി മുസദ്ദിഖിനെ (29) യാണ് കുമ്പള എസ്.ഐ സന്തോഷ് കുമാറും സംഘവും തിങ്കളാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. ആംബുലൻസ് തടഞ്ഞ് പാൻപരാഗ് പിടികൂടുമ്പോൾ കണ്ണൂരിലെ ഒരു മാനസീകാസ്വാസ്ഥ്യമുള്ള രോഗിയും ബന്ധുവും ഉണ്ടായിരുന്നു. ഡ്രൈവറുടെ സീറ്റിന് സമീപം തന്നെയാണ് പാക്ക് ചെയ്ത കവർ ഉണ്ടായിരുന്നത്. പൊലീസിന് മുൻകൂട്ടിയുള്ള വിവരം ലഭിച്ചിരുന്നുവെന്നാണ് സൂചന. വലിയ പൊലീസ് സംഘത്തെ കണ്ടതോടെ ഡ്രൈവർ പരുങ്ങലിലായിരുന്നു. ആംബുലൻസ് അസോസിയേഷൻ സെക്രട്ടറി ഹാരിസിന് നൽകാൻ മംഗ്ലൂരുവിലെ ഒരാൾ കൊടുത്തുവിട്ട മരുന്നാണെന്നാണ് ഡ്രൈവർ പറഞ്ഞത്. പൊലീസ് പാക്കറ്റ് പൊട്ടിച്ചു നോക്കിയതോടെ പാൻമസാലയാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ ഡ്രൈവർ പൊലീസിന് മുന്നിൽ വച്ച് തന്നെ ഹാരിസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആംബുലൻസ് ഡ്രൈവർക്ക് പാൻമസാലയാണ് പാക്കറ്റിൽ ഉള്ളതെന്നതിൽ കൃത്യമായ അറിവുണ്ടെന്ന് പറഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനിടയിൽ ശിഹാബ് തങ്ങളുടെ ആംബുലൻസിൽ നിന്നും പാൻമസാല പിടികൂടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. സി.പി.എം, ലീഗ് സൈബർ പോരാളികൾ വിഷയം ഏറ്റെടുത്തതോടെ വിഷയത്തിന് രാഷ്ട്രീയ നിറം കൈവന്നു. സോഷ്യൽ മീഡിയയിൽ ഇതേ ചൊല്ലി പോർവിളി നടക്കുകയാണ്. തങ്ങളുടെ പേരിലുള്ള ആംബുലൻസ്‌ ഡ്രൈവറെ കുടുക്കാൻ ആംബുലൻസ് അസോസിയേഷൻ സെക്രട്ടറി കൂടിയായ സി.പി.എം പ്രവർത്തകൻ ഹാരിസ് മുണ്ടേരി മനപൂർവ്വം പാൻമസാല കൊടുത്ത് വിട്ട് പൊലീസിന് വിവരം നൽകി പിടിപ്പിക്കുകയായിരുന്നു എന്ന് ലീഗ് കേന്ദ്രങ്ങൾ ആരോപിക്കുന്നു.