കാസർകോട്: കർണ്ണാടക നിലപാട് തിരുത്താൻ തയ്യാറാകാത്തത് കാരണം കർണ്ണാടക ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായി. നോർക്കയിൽ രജിസ്റ്റർ ചെയ്ത ഇ പാസ് പോരെന്നും പ്രത്യേക അനുമതി പത്രം തന്നെ വേണമെന്നും കർണ്ണാടക വാശിപിടിക്കുകയാണ്. കൊവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കൂ എന്നാണ് കർണ്ണാടക പറയുന്നത്. ഇത് കാരണം ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് തലപ്പാടി അതിർത്തി കടന്ന് ജന്മനാട്ടിൽ ഇന്നലെ പ്രവേശിച്ചവരിൽ ഭൂരിഭാഗവും കർണാടകയിലെ വിവിധ കോളേജുകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളായിരുന്നു.
ഗോവ, മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, യു.പി തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ കർണ്ണാടകയുടെ വടക്ക്, കിഴക്ക് അതിർത്തികളിൽ കുടുങ്ങി കിടക്കുകയാണ് . ഇവിടുങ്ങളിൽ നിന്നും വരുന്നവർക്ക് അതിർത്തിയിൽ കർണ്ണാടക പാസ് നൽകാത്തതിനാൽ ഇവരുടെ മടക്കയാത്ര പ്രതിസന്ധിയിലായി. കേരളത്തിലേക്ക് കടക്കാൻ പാസ് നൽകിയ കർണ്ണാടക തങ്ങളുടെ പ്രദേശത്തേക്ക് മറ്റു സംസ്ഥാനങ്ങളിലെ ആളുകളെ കടക്കാൻ അനുവദിച്ചില്ല. നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത് പ്രകാരം സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ നിശ്ചിത തിയ്യതി ലഭിച്ചവരാണ് ഇവിടെയെത്തുന്നത്. ഇതല്ലാതെ അടിയന്തര സാഹചര്യങ്ങളിൽ എത്തുന്നവർക്കും പ്രത്യേക രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ ഒരുക്കിയിട്ടുണ്ടെന്ന് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
തലപ്പാടിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിനനുസരിച്ച് ഹെൽപ് ഡെസ്‌കിന്റെ എണ്ണം നൂറായി വർദ്ധിപ്പിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് മഞ്ചേശ്വരം തഹസിൽദാർ പി.ജെ ആന്റോ പറഞ്ഞു. ഹോസ്റ്റലിലെ നാലു ചുമരുകൾക്കുള്ളിൽ ശ്വാസം മുട്ടി കഴിയുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും സംസ്ഥാന അതിർത്തിയിൽ എത്തുമ്പോൾ തന്നെ വളരെയധികം ആശ്വാസം തോന്നുന്നുവെന്നും മംഗളൂരുവിലെ കോളേജിൽ എൻജിനീയറിംഗ് പഠനം നടത്തുന്ന കാസർകോട് ജില്ലയിലെ ഒരു വിദ്യാർത്ഥിനി പറഞ്ഞു. കൊവിഡ് വ്യാപനം ഒരു ദുരന്തകാല ഓർമ്മയായി മാറിയെന്നും മോചനം ലഭിക്കാൻ സഹായിച്ച എല്ലാവരോടും ഹൃദ്യമായ നന്ദിയുണ്ടെന്നും കേരളത്തിലേക്ക് മടങ്ങിയവർ പറയുന്നു.