pic

കണ്ണൂർ: ലോകത്തെ പിടിച്ചുലച്ച കൊവിഡ് 19 നെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ പരിശ്രമം കണ്ണൂരിലും ഫലം കാണുന്നു. റെഡ് സോണിലെത്തിയതോടെ കടുത്ത ആശങ്കയിലെത്തിയ ജില്ലയിൽ ഇപ്പോൾ രോഗ വ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ട്. ഇന്നലെ പുതുതായി ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല 19 പേരാകട്ടെ രോഗ വിമുക്തരുമായി. വൈറസ് ബാധിച്ച് 37 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇവരുടെ അവസ്ഥയിൽ ആശങ്കപ്പെടാനില്ലെന്ന് ഡി.എം.ഒ ഡോ. നാരായൺ നായ്ക് പറഞ്ഞു.

ജില്ലയിൽ 2550 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 72 പേർ ആശുപത്രിയിലും 2478 പേർ വീടുകളിലുമാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 38 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒരാളും ജില്ലാ ആശുപത്രിയിൽ മൂന്ന് പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 30 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരെ നിശ്ചിത ദിവസം നിരീക്ഷിച്ച് രോഗ സാദ്ധ്യത ഇല്ലെന്ന് കണ്ടെത്തിയാലേ പുറത്തിറങ്ങാൻ അനുവദിക്കൂ. ഈ ഘട്ടം കൂടി കഴിഞ്ഞാൽ രോഗ വ്യാപനത്തിന് കൂച്ചുവിലങ്ങിടാൻ സാധിക്കും.

ജില്ലയിൽ ഇതുവരെ 3969 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3635 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 3450 എണ്ണം നെഗറ്റീവാണ്. 334 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിലായിരുന്നു 78 എണ്ണം പോസറ്റീവ് ആയത്. വിവിധ സംസ്ഥാനങ്ങളിലെ 1,66,263 മലയാളികൾ നാട്ടിലേക്ക് വരാനായി നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ. കർണാടക - 55,188, തമിഴ്‌നാട് - 50,863, മഹാരാഷ്ട്ര - 22,515, തെലങ്കാന - 6422, ഗുജറാത്ത് -4959, ആന്ധ്രപ്രദേശ് - 4338, ഡെൽഹി - 4236, ഉത്തർപ്രദേശ് -3293, മദ്ധ്യപ്രദേശ് -2490, ബിഹാർ - 1678, രാജസ്ഥാൻ - 1494, പശ്ചിമ ബംഗാൾ -1357, ഹരിയാന - 1177, ഗോവ - 1075 എന്നിങ്ങനെയാണ് കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളുടെ കണക്ക്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആയിരത്തിൽ താഴെ വീതം ആളുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഈ വിവരങ്ങൾ പൂർത്തിയായതോടെ ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 28,272 പേരാണ് പാസിന് അപേക്ഷിച്ചിട്ടുള്ളത്. 5470 പാസ് വിതരണം ചെയ്തു. ഇന്നലെ ഉച്ചവരെ 515 പേർ വിവിധ ചെക്ക്‌പോസ്റ്റുകൾ വഴി എത്തിയിട്ടുണ്ട്. ഇവരിൽ വലിയൊരു വിഭാഗം കണ്ണൂർ ജില്ലയിലേക്ക് വരുന്നവരാണ്. പരിശോധനകൾക്ക് വിധേയരായി എത്തിയാലും ഇവരുടെ വീട്ടുകാരടക്കം നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ഇല്ലെങ്കിൽ ഒരുവിധം പിടിച്ചു നിർത്തിയ രോഗ വ്യാപനം കൈവിട്ട് പോകുമെന്നാണ് ആശങ്ക. കാലിക്കടവ്, മാഹി, നെടുംപൊയിൽ അതിർത്തികളിൽ പരിശോധിച്ച് മാത്രമേ ഇവരെ പ്രവേശിപ്പിക്കുന്നുള്ളൂ.