കാസർകോട്: കാസർകോടിന് തുടർച്ചയായ ദിവസങ്ങളിൽ സന്തോഷം പകർന്നു കൊവിഡ് പിൻവാങ്ങുന്നു. ജില്ലയിൽ ഇന്നലെയും ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ല. കാസർകോട് ചികിത്സയിൽ കഴിയുന്ന 3 രോഗബാധിതർ കൂടി രോഗമുക്തർ ആകുന്നതോടെ ജില്ല പൂർണമായും കൊവിഡിനെ തുരത്തുന്ന പ്രദേശം ആയി മാറും. നിലവിൽ മൂന്നു പേർ മാത്രമാണ് കാസർകോട് രോഗികളായുള്ളത്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാസർകോട്ടെ മാധ്യമ പ്രവർത്തകനും രോഗം ഭേദമായി ഇന്ന് ആശുപത്രി വിടും.
കാഞ്ഞങ്ങാട് പ്രദേശത്ത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്ന അജാനൂർ മാവുങ്കാൽ സ്വദേശിയും രോഗ മുക്തനായി ഇന്നലെ ആശുപത്രി വിട്ടതോടെ ആശങ്ക ഒഴിഞ്ഞു. ഇയാളുടെ സമ്പർക്ക പട്ടികയിലുള്ള ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നതും ആശ്വാസമായി. മാവുങ്കാൽ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത് എന്ന് സംശയിച്ചു കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി നൂറിലധികം പേരെ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇന്നലെ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർക്ക് കൂടി രോഗം ഭേദമായി. ഉക്കിനടുക്ക കാസർകോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 41 വയസുള്ള ഉദുമ സ്വദേശിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള കാസർകോട്ടെ ഏഴ് വയസുള്ള കുട്ടിയും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 24 വയസുള്ള അജാനൂർ സ്വദേശിയുമാണ് രോഗമുക്തി നേടിയത്.
ജില്ലയിൽ നിലവിൽ മൂന്ന് പേർ മാത്രമാണ് ചികിത്സയിലുള്ളത്. ചെങ്കള (2), ചെമ്മനാട് (1) സ്വദേശികളാണിവർ. 175 പേരാണ് രോഗമുക്തരായത്. ജില്ലയിൽ 1371 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 1346 പേരും ആശുപത്രികളിൽ 25 പേരും. 340 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി ഒരാളെകൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 262 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു. അതിർത്തി പ്രദേശങ്ങളിൽ നിയോഗിക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരും ശാരീരിക അകലം പാലിച്ച് വ്യക്തി സുരക്ഷാ മാർഗങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.