pic

കണ്ണൂർ: സ്വന്തം നാട്ടിലേക്ക് വരാൻ അനുമതി ലഭിച്ചിട്ടും സാങ്കേതിക കുരുക്കിൽ പെട്ട് മലസയാളികൾ ദുരിതം പുേറുന്നു. തിരികെ വരുന്നവരെ കൊണ്ടുവരാനുള്ള സ്വകാര്യ വാഹനങ്ങൾക്ക് ജില്ലകൾ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്നം. ഇവരെ തിരിച്ചെത്തിക്കാൻ സർക്കാർ യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. സംസ്ഥാനത്ത് മലപ്പുറം, കണ്ണൂർ ജില്ലകളിലേക്കാണ് കൂടുതൽ പേർ മടങ്ങുന്നത്. വിദൂര സംസ്ഥാനങ്ങളിലുളളവരെ കൊണ്ടുവരുന്നതിന് പ്രത്യേക തീവണ്ടി കേന്ദ്രം അനുവദിക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാനം. സമീപ സംസ്ഥാനങ്ങളിലുളളവരെ റോഡ് മാർഗം തിരികെ എത്തിക്കണമെന്ന ആവശ്യവും സർക്കാരിന്റെ പരിഗണനയിലാണ്. യാത്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് ഇതോടെ ദുരിതം പേറേണ്ടി വരുന്നത്. ഏറെ പണിപ്പെട്ടാണ് ഇവർ അതിർത്തി വരെ എത്തുന്നത്.

അതിർത്തി കടക്കാൻ ടാക്സി സൗകര്യങ്ങൾ കിട്ടാത്തതാണ് പ്രധാന പ്രതിസന്ധി. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1.70 ലക്ഷം പേരാണ് നോർക്ക വഴി തിരിച്ചെത്താൻ അപേക്ഷ നൽകിയത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് കൂടുതൽ. അതിനിടെ കർണാടക കേന്ദ്ര നയത്തിന് വിരുദ്ധമായി നിലപാട് കടുപ്പിച്ചതും പ്രയാസങ്ങൾ ഇരട്ടിയാകാൻ ഇടയായിട്ടുണ്ട്.