കണ്ണൂർ: ജില്ലയിൽ മാസ്‌ക്ക് ധരിക്കാത്തവർക്കെതിരെ പൊലീസ് നടപടികൾ കർശനമാക്കി. കൊവിട് 19 വ്യാപനം തടയുന്നതിന് കൊണ്ടുവന്ന ലോക്ക് ഡൗണുമായി ബന്ധപ്പെട്ട റെഡ് അലേർട്ട് ജില്ലയിൽ കർശനമായി തുടരുമെന്ന് ജില്ലാ പൊലീസ് ചീഫ് യതീഷ്ചന്ദ്ര. സർക്കാർ ഉത്തരവ് പ്രകാരം ജില്ല റെഡ് സോണിൽ തന്നെ തുടരുന്നതിനാലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. റെഡ് സോണുകൾ അല്ലാത്ത ജില്ലകളിൽ സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് കണ്ണൂർ ജില്ലയിലെ ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ ജില്ല നിലവിലെ റെഡ് സോൺ വ്യവസ്ഥ ഇപ്പോഴും തുടരുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പൊലീസും ജില്ലാ ഭരണകൂടവും ജനങ്ങളോട് ആവശ്യപ്പെട്ടു.
എല്ലാ വിധ യാത്രകളും പൊലീസ് കർശനമായി പരിശോധിക്കും. രോഗികൾ, അത്യാവശ്യ മെഡിക്കൽ ആവശ്യങ്ങൾക്കുള്ള യാത്രകൾ എന്നിവ മാത്രമെ അനുവദിക്കു. ഐസോലെഷൻ പോയിന്റ് ആയ സ്ഥലങ്ങളിലൂടെ വാഹനങ്ങളെയോ ആളുകളെയോ യാതൊരുകരണവശാലും കടത്തിവിടില്ല. അത്യാവശ്യ യാത്രകൾ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന എൻട്രി എക്സിറ്റ് പോയിന്റ്കളിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റൈൻ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കടകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. നിർദ്ദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷൻ പരിധികളിലെയും പോക്കറ്റ് റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളിലും പൊലീസ് ബാരിക്കേഡ് വച്ച് നീയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് തുടരും. സർക്കാർ നിർദ്ദേശിക്കുന്ന സമയം വരെ നിയന്ത്രണം തുടരുമെന്നും ആളുകൾ സഹകരിക്കണമെന്നും ജില്ലാ പൊലീസും ജില്ലാ ഭരണകൂടവും അഭ്യർത്ഥിച്ചു.