കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് നിർമാണ മേഖലയ്ക്ക് ഉപാധികളോടെ ഇളവ് അനുവദിച്ചിട്ടും കാര്യമായ ചലനമുണ്ടാക്കിയില്ല. ഒന്നിലേറെ ജില്ലകളെ ആശ്രയിച്ച് നടക്കുന്ന നിർമാണമാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ സ്തംഭിച്ചിരിക്കുന്നത്. നിർമാണ സാധനങ്ങളുടെ കടത്തിനൊന്നും ലോക്ക് ഡൗൺ കാലത്ത് ജില്ലയ്ക്ക് പുറത്തേക്ക് അനുമതിയില്ല. അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി. ഇവരുടെ തിരിച്ചു വരവ് അനിശ്ചിതത്വത്തിലായതാണ് മറ്റൊരു ആശങ്ക. നിർമാണ മേഖലയിൽ ആവശ്യമായത്ര തൊഴിലാളികളെ കിട്ടാനുമില്ല. ഇതോടെ സാമൂഹിക അകലം പാലിച്ച് നിർമാണമാകാം എന്ന ഉപാധിയും ഗുണമില്ലാതായിട്ടുണ്ട്.
മലിനീകരണ നിയന്ത്രണ ബോർഡ് അടക്കമുള്ള പല വകുപ്പിലെയും പ്രധാന ഉദ്യോഗസ്ഥരെല്ലാം ജില്ലയ്ക്ക് പുറത്തായതാണ് മറ്റൊരു വെല്ലുവിളി. അതിവേഗം മഴയ്ക്ക് മുൻപേ തീർക്കേണ്ട പദ്ധതികളെല്ലാം ഇതോടെ വെല്ലുവിളിയിലായിട്ടുണ്ട്. ഇക്കാലത്ത് കിഫ്ബി, നബാർഡ്, ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് കാസർകോട് ജില്ലയിൽ നാന്നൂറ് കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്. നീലേശ്വരം-ഇടത്തോട് മെക്കാഡം റോഡ് അടക്കമുള്ള മലയോരത്തെ വികസന സ്വപ്നങ്ങളെല്ലാം സ്തംഭിച്ച് കിടക്കുകയാണ്. ഇടത്തോട് റോഡിൽ കാലിച്ചാനടുക്കത്തിന് സമീപവും ചായ്യോം ബസാറിന് സമീപവും കിളച്ചിരിക്കുകയാണ്. പൊടിശല്യം രൂക്ഷമായത് യാത്രക്കാരെയും സമീപത്തെ വീട്ടുകാരെയും ദുരിതത്തിലാക്കിയിട്ടുണ്ട്.
മഴ പെയ്യുന്നതോടെ റോഡ് പൂർണ്ണമായും ചെളിക്കുളമാകും. ഇതോടെ മാസങ്ങളോളം യാത്ര ദുഷ്കരമാകുമെന്നാണ് ആശങ്ക. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.