കണ്ണൂർ: കാലിക്കടവ്, മാഹി, നെടുംപൊയിൽ അതിർത്തിയിലൂടെ ഇതര നാടുകളിൽ കുടുങ്ങിപ്പോയവരെ സ്വീകരിച്ചു തുടങ്ങി. ആരോഗ്യ പരിശോധനകളടക്കം നടത്തിയ ശേഷം നാട്ടിൽ നിരീക്ഷണവും ഉറപ്പാക്കുന്നത് രോഗവ്യാപനത്തിന് തടയിടാൻ സഹായകമാകും. വിവിധ സർക്കാർ വകുപ്പുകളാണ് ഇക്കാര്യത്തിൽ പരിശോധന നടത്തുന്നത്.
അതിർത്തി വരെ വാടക വാഹനത്തിൽവന്ന് വീട്ടിലേക്ക് പോകാൻ സ്വന്തം നിലയ്ക്ക് വാഹനങ്ങൾ ഏർപ്പെടുത്തണം. ഡ്രൈവർമാർ യാത്രയ്ക്കുശേഷം ക്വാറൻറൈനിൽ പോകണം. രോഗലക്ഷണം ഇല്ലാത്തവർ വീടുകളിലേക്ക് പോയി ഹോം ക്വാറന്റൈനിൽ പ്രവേശിക്കണം. രോഗലക്ഷണമുള്ള യാത്രക്കാരെ കൊവിഡ് കെയർ സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റും.മുൻഗണനാ ലിസ്റ്റിൽപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ യാത്രയ്ക്ക് അനുമതി നൽകിയത്. വിദ്യാർത്ഥികൾ, ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര പോയ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, മറ്റ് ആരോഗ്യ ആവശ്യങ്ങൾ ഉള്ളവർ എന്നിവർ ആദ്യമെത്തുന്നുണ്ട്. വരുന്നവർ 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. റെഡ് സോണിൽ ഉൾപ്പെട്ട മേഖലയായതിനാൽ കണ്ണൂരിൽ ഇത് കർശനമായി പരിശോധിക്കുന്നുണ്ട്.