കണ്ണൂർ: ലോക്ക് ഡൗണിൽ കുടുങ്ങി മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകാൻ സാധിക്കാത്തത് തീര മേഖലയിൽ കടുത്ത ദാരിദ്ര്യത്തിന് ഇടയാക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മത്സ്യ ബന്ധനത്തിനുള്ള നിയന്ത്രണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കണ്ണൂർ റെഡ്‌സോൺ ആയതിനാൽ നിയന്ത്രണം തുടരുകയാണ്. ഈ തീരുമാനം മാറ്റണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.ടി നിഷാത്ത് ആവശ്യപ്പെട്ടു.
ജില്ലയിലെ ബോട്ടുകളിൽ ഭൂരിഭാഗവും 45 അടിയിൽ താഴെ വരുന്നതാണ്. ഇതിലാകട്ടെ അഞ്ചിൽ കൂടുതൽ തൊഴിലാളികളും ഉണ്ടാവാറില്ല. സർക്കാരിന്റെ എല്ലാം നിബന്ധനകളും പാലിക്കാൻ യാതൊരു തടസവുമില്ല. ഈ സാഹചര്യത്തിൽ മത്സ്യ ബന്ധനത്തിന് നിയന്ത്രണം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഇവർ പറയുന്നത്. കൂടാതെ ജൂണിൽ ട്രോളിംഗ് നിരോധനം കൂടി വരുന്നതോടെ തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാകുമെന്നാണ് ഇവരുടെ ആശങ്ക. ഇതോടെ ദീർഘ കാല പട്ടിണിയിലേക്ക് തള്ളിയിടുന്നതിന് തുല്യമാകും തൊഴിലാളികളുടെ അവസ്ഥ.
കണ്ണൂരിൽ അഴീക്കൽ, ആയിക്കര ഹാർബറുകൾ കേന്ദ്രീകരിച്ചുള്ള നൂറു കണക്കിന് ബോട്ടുകളിലും ചെറുവള്ളങ്ങളിലുമായി ആയിരങ്ങളാണ് ഉപജീവനം നടത്തുന്നത്. പലതും ദീർഘ കാലമായി നിർത്തിയിട്ടതിനാൽ അറ്റകുറ്റപ്പണി ചെയ്യേണ്ട അവസ്ഥയിലായിട്ടുണ്ട്. ഇതിനും വൻ ബാദ്ധ്യത വരും. ഇക്കാര്യത്തിൽ സർക്കാർ പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.