കാഞ്ഞങ്ങാട്: കിണർ വൃത്തിയാക്കാനിറങ്ങി ശ്വാസംകിട്ടാതെ അവശരായ രണ്ട് തൊഴിലാളികളെ അഗ്നിശമനസേന രക്ഷിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെ ചതുരക്കിണറിലാണ് സംഭവം. ചതുരക്കിണറിലെ സുശീലയുടെ വീട്ടുപറമ്പിലെ എഴുപത്തിയഞ്ചോളമടി താഴ്ചയുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയ വിഷ്ണു, അഭിലാഷ് എന്നിവരാണ് പെട്ടെന്നു കയറാനാകാതെ കുഴഞ്ഞു വീഴുന്ന അവസ്ഥയിലെത്തിയത്. വിവരമറിഞ്ഞു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്ത്വത്തിൽ അഗ്നിശമനസേനയെത്തിയാണ് ഇവരെ പുറത്തെടുത്തത്. ഡ്രൈവർ ഫയർമാൻ ഡ്രൈവർ ലതീഷ് കയ്യൂർ, ഫയർമാൻമാരായ സണ്ണി ഇമ്മാനുവൽ, രഞ്ജിത്ത്, കൃഷ്ണരാജ്, ഹോംഗാർഡ് കെ. രമേശൻ എന്നിവരാണ് ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്. വിഷ്ണുവിനും അഭിലാഷിനുമൊപ്പം മറ്റ് രണ്ടു തൊഴിലാളികളുണ്ടായിരുന്നെങ്കിലും ഇവർക്ക് പെട്ടെന്ന് മുകളിലേക്ക് കയറാൻ കഴിഞ്ഞിരുന്നു.