ration-shops

കണ്ണൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കൻഡറി അദ്ധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയോഗിച്ച് കണ്ണൂർ കളക്ടറുടെ ഉത്തരവ്. ജില്ലയിലെ ഹോട്ട് സ്പോട്ടുകളായ കൂത്തുപറമ്പ്, പാനൂർ, പയ്യന്നൂർ നഗരസഭകളിലെയും 20 ഗ്രാമപഞ്ചായത്തുകളിലെയും സെക്രട്ടറിമാർക്കും വിദ്യാഭ്യാസ ഉപഡയറക്ടർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ജില്ലാ കളക്ടർ ടി.വി. സുഭാഷ് ഉത്തരവ് അയച്ചു. ഇന്ന് അദ്ധ്യാപകർ ചുമതലയേൽക്കും.

റൊട്ടേഷൻ വ്യവസ്ഥയിൽ ജോലിക്ക് നിയോഗിക്കണമെന്നാണ് വ്യവസ്ഥ. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ സർക്കാർ സൗജന്യ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. റേഷൻ ഉപഭോക്താക്കൾക്ക് ഈ സാധനങ്ങൾ സൗജന്യമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല അദ്ധ്യാപകർക്കാണ്. ഓരോ റേഷൻ കടകളും നിലനിൽക്കുന്ന പ്രദേശത്തെ അദ്ധ്യാപകരെയാണ് ഇതിനായി നിയോഗിക്കേണ്ടത്. കിറ്റുകൾ വാർഡ് മെമ്പർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ചുമതലപ്പെടുത്തിയായിരിക്കണം വിതരണം ചെയ്യേണ്ടത്.

പ്രതിഫലം പറ്റരുത്

ഭക്ഷണക്കിറ്റ് വിതരണം ചെയ്യുമ്പോൾ കാർഡ് ഉടമകളിൽ നിന്നും റേഷൻകട ഉടമകളിൽ നിന്നും അദ്ധ്യാപകർ പ്രതിഫലം പറ്റരുതെന്നും ഉത്തരവിലുണ്ട്. ഇവരുടെ മേൽനോട്ട ചുമതല താലൂക്ക് സപ്ളൈ ഓഫീസർമാർക്കായിരിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ചില കാൾ സെന്ററുകളിലും കാസർകോട്ട് ചെക് പോസ്റ്റുകളിലും അദ്ധ്യാപകരെ നിയോഗിച്ചിരുന്നു. അതേസമയം പ്രതിരോധ പ്രവർത്തനങ്ങൾ കഴിയുന്നതോടെ നിശ്ചിത ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരുമോ എന്ന ആശങ്ക അദ്ധ്യാപകർക്കുണ്ട്. പരീക്ഷ തുടങ്ങേണ്ട സാഹചര്യത്തിൽ അദ്ധ്യാപകരുടെ സേവനം ലഭിക്കാതെ വരുമെന്നാണ് ഒരു വിഭാഗം പറയുന്നത്.