കാഞ്ഞങ്ങാട്: പതിമൂന്നുപേർ ചികിത്സയിലുള്ള ബളാൽ പഞ്ചായത്ത് അടക്കം കാസർകോട് ജില്ലയുടെ മലയോരമേഖലയിൽ ഡെങ്കിപ്പനി ഭീഷണി. ബളാലിനെ ആരോഗ്യവകുപ്പ് ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.

പനി പടരാനുള്ള സാഹചര്യമുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി. ചെറിയൊരു പ്രദേശത്ത് കൂടുതൽപേരിൽ രോഗം കണ്ടതാണ് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇങ്ങനെ വന്നാൽ രോഗം പടരാൻ സാധ്യത കൂടുതലാണ്. ബളാൽ പഞ്ചായത്തിലെ മുണ്ടമാണി, അത്തിക്കടവ് പ്രദേശത്തുള്ളവരാണ് ഡെങ്കിപ്പനി ബാധിതരിൽ കൂടുതലും.

കൊന്നക്കാട്, പടയങ്കല്ല് എന്നിവിടങ്ങളിലും ഡെങ്കിപ്പനി ബാധിതരുണ്ട്. ഇവിടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. ബളാലിലും വെള്ളരിക്കുണ്ട് ടൗണിലും കൊതുക് നശീകരണത്തിനായി തെർമൽ ഫോഗിംഗ് നടത്തി. വീടുകളിലും ഫോഗിംഗ് നടത്തി. ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അടിയന്തരയോഗം ചേർന്ന് ഭവനസന്ദർശനവും ബോധവത്കരണവുമുൾപ്പെടെയുള്ള പ്രതിരോധ നടപടിയെടുക്കാൻ തീരുമാനിച്ചു.

ബൈറ്റ്

ചെറിയതോതിൽ മഴ തുടങ്ങിയതിനാൽ കൊതുകിന്റെ പ്രജനനം കൂടും. ഉറവിടനശീകരണത്തിൽ മുൻവർഷങ്ങളിലേതുപോലെ ജനങ്ങൾ സഹകരിക്കണം

എം. രാധാമണി, പഞ്ചായത്ത് പ്രസിഡന്റ്