പട്ടുവം: ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ചിട്ട പട്ടുവം പാലത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. പൊലീസ് അടച്ച പാലത്തിലൂടെ ചിലർ ചാടിക്കടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.
ഏഴോം പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ ഹോട്ട് സ്‌പോട്ടായി കണക്കാക്കുന്നതിനാലാണ് പാലം അടച്ചത്. പൊലീസ് കണക്കാക്കുന്ന കണ്ടെയ്ൻമെന്റ് സോണിൽ പട്ടുവം പഞ്ചായത്ത് ഉൾപ്പെട്ടിട്ടുമുണ്ട്. ഹോട്ട് സ്‌പോട്ടിലേക്ക് ആളുകൾക്ക് പ്രവേശനമില്ല. ഇത് ലംഘിച്ചുകൊണ്ടാണ് ചിലർ പാലത്തിന്റെ കൈവരിയിൽ ചവിട്ടി പൊലീസിന്റെ തടസം കടന്നുപോകുന്നത്.
ഇത് ഏറെ അപകടഭീതിയും ഉയർത്തിയിരുന്നു. കാലൊന്നു തെന്നിയാൽ പുഴയിലേക്ക് വീഴും. പട്ടുവത്തേക്കുള്ള ചരക്കുകൾ പാലത്തിനടുത്ത് വാഹനം നിർത്തി ബാരിക്കേഡുകൾക്ക് മുകളിലൂടെ കൈമാറുന്ന കാഴ്ചയും ഇവിടെയുണ്ട്.