ചെറുവത്തൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ മടക്കര മത്സ്യ ബന്ധന തുറമുഖം പ്രവർത്തിച്ചു തുടങ്ങും.ഇതിന് മുന്നോടിയായി തുറമുഖം അണുവിമുക്തമാക്കി.

അഗ്നിശമന ജീവനക്കാരുടെ നേതൃത്വത്തിലാണ് ഇന്നലെ തുറമുഖം അണുവിമുക്തമാക്കിയത്. ഇന്നലെ മുതലാണ് തുറമുഖം തുറന്നു പ്രവർത്തിക്കുകയെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിലും ഒരു ദിവസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ജില്ലയിൽ 163 യന്ത്രവൽകൃത ബോട്ടുകളും, 2,000ത്തിൽ പരം യന്ത്രവൽകൃത വള്ളങ്ങളുമാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും മടക്കര മത്സ്യ ബന്ധന തുറമുഖം കേന്ദ്രമാക്കി മത്സ്യ ബന്ധനം നടത്തുന്നവയാണ്.

മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം ആയിരങ്ങളാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് കടലിലെ മത്സ്യബന്ധനം നടക്കാതിരുന്നതിനാൽ ഈ കുടുംബങ്ങളിൽ ഭൂരിഭാഗവും പ്രതിസന്ധിയിലായിരുന്നു. ഇതുകൊണ്ടു തന്നെ ബോട്ടുകൾക്കടക്കം കടലിൽ മത്സ്യബന്ധനത്തിനുള്ള അനുമതിയും, മടക്കര മത്സ്യ ബന്ധനം തുറക്കാനുള്ള തീരുമാനവും ജില്ലയുടെ തീരദേശ മേഖലകൾക്ക് ആശ്വാസം പകരും.