മണത്തണ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ചടങ്ങുകളുടെ തുടക്കം കുറിക്കുന്ന 'ദൈവത്തെ കാണൽ ' മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. പ്രക്കൂഴനാളിൽ കൊട്ടിയൂരിലേക്ക് നെല്ല് കൊണ്ടുവരുന്നതിന് മുന്നോടിയായി മണത്തണയിലെ പൊടിക്കളത്തിൽ നടക്കുന്ന ചടങ്ങാണിത്. കുറിച്ച്യ സ്ഥാനികനായ ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10 മണിയോടെ ചടങ്ങുകൾ തുടങ്ങി.
കൊവിഡ് പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് ചടങ്ങ് നടത്തിയത്.
കൊട്ടിയൂർ ക്ഷേത്രം പാരമ്പര്യ ഊരാളനും ദേവസ്വം ചെയർമാനുമായ കെ.സി.വേലായുധൻ നായരും മറ്റ് ദേവസ്വം ജീവനക്കാരുമടക്കം പത്തിൽ താഴെപ്പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.അവകാശികൾക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. പ്രദേശവാസികളെപ്പോലും പങ്കെടുപ്പിക്കരുതെന്ന കൊട്ടിയൂർ ദേവസ്വത്തിന്റെ കർക്കശ നിർദ്ദേശമുണ്ടായിരുന്നതിനാൽ പരിസരവാസികളും പങ്കെടുത്തിരുന്നില്ല.
വൈശാഖോത്സവത്തിന്റെ പ്രാരംഭച്ചടങ്ങായ പ്രക്കൂഴം നാളെ കൊട്ടിയൂരിൽ നടക്കും.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പത്തിൽ താഴെ അടിയന്തിരക്കാർ മാത്രമായിരിക്കും പങ്കെടുക്കുക.ഭക്തജനങ്ങൾക്കോ മറ്റ് അടിയന്തിരക്കാർക്കോ പ്രവേശനാനുമതി ഇല്ല.