കണ്ണൂർ: പ്രവാസികളെ തിരിച്ചുകൊണ്ടു വരുന്നതിൽ കണ്ണൂർ എയർപോർട്ടിനെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ. നോർക്ക രജിസ്റ്റേഷനിലും, എംബസിയുടെ അടുത്ത എയർപോർട്ട് ഏതെന്ന ചോദ്യത്തിന് നൽകിയ ഓപ്ഷനിലും 69000 പ്രവാസികൾ കണ്ണൂർ എയർപോർട്ടാണ് ആവശ്യപ്പെട്ടത്. മറ്റ് എയർപോർട്ടിൽ ഉത്തരകേരളത്തിലുള്ളവരെ കൊണ്ടുവന്നാൽ അവരുടെയെല്ലാം താമസസ്ഥലത്തോ, ജില്ലയിലോ ഉള്ള കൊവിഡ് കെയർ സെന്ററിൽ എത്തിക്കണമെങ്കിൽ വലിയ പ്രയാസമാണ് ഉണ്ടാകുക. കണ്ണൂർ എയർപോർട്ടിലാണെങ്കിൽ ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുമുണ്ട്.
എയർലൈൻ കമ്പനികൾ കണ്ണൂരിലേക്കുള്ള വിമാനസർവ്വീസ് നടത്താൻ ഒരുക്കവുമാണ്. സിവിൽ എവിയേഷൻ വകുപ്പിനെ നോക്കുകുത്തിയാക്കി വിദേശമന്ത്രാലയം തനിച്ച് നടത്തുന്ന നീക്കങ്ങളാണ് ഇതിന് ഇടയാക്കിയത്. കേന്ദ്രവിദേശ സഹമന്ത്രി കണ്ണൂർ ജില്ലക്കാരനായിട്ടും കണ്ണൂർ എയർപോർട്ടിനെ അവഗണിച്ചത് എന്തുകൊണ്ടെന്ന് ജനങ്ങൾക്ക് അറിയണം. കേന്ദ്രമന്ത്രി ഇടപെട്ട് കണ്ണൂരിൽ വിമാന സർവ്വീസ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു.