ചെറുവത്തൂർ: ലേലവും കമ്മീഷനും മീൻ വാരലും ഇല്ലാതെ ഗുണഭോക്താവിന് ന്യായവിലക്ക് മത്സ്യം ലഭ്യമാക്കുന്നതിന് മടക്കര മത്സ്യബന്ധന തുറമുഖം ഇന്ന് രാവിലെ തുറന്നു . ലോക്ക്ഡൗൺ കാരണം ഒന്നര മാസത്തിലധികമായി അടച്ചിട്ടിരുന്ന ഹാർബർ തുറക്കുന്നത് അറിഞ്ഞു മത്സ്യത്തൊഴിലാളികളും നാട്ടുകാരും സ്ഥലത്ത് ഇടിച്ചു കയറിയതോടെ നിയന്ത്രണങ്ങൾ എല്ലാം താളം തെറ്റി. സാമൂഹിക അകലം പാലിക്കാതെ ടോക്കൺ വാങ്ങിക്കാൻ വലിയ തിരക്ക് ആണുണ്ടായത്. പൊലീസുകാർക്ക് തിരക്ക് നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ടോക്കൺ വാങ്ങിക്കാൻ ആളുകളെ ക്യു നിർത്തി.
ഒമ്പതു മണിയോടെ മീനുമായി വള്ളങ്ങളും ബോട്ടുകളും ഹർബറിലെത്തി. നിറയെ ചെറിയ അയലയും ഞണ്ടുമായിരുന്നു ബോട്ടുകളിൽ. അധികൃതർ മൽസ്യങ്ങൾ ഏറ്റുവാങ്ങി വില നിശ്ചയിച്ചു കൊടുത്തു. വിഷം ചേർക്കാത്ത ഫ്രഷ് മീൻ ലഭിച്ചതോടെ ആളുകൾ ആഹ്ലാദത്തിലായി. ലോക്ക് ഡൗൺ തീരുന്നതുവരെ സർക്കാർ ഉത്തരവനുസരിച്ചാണ് മത്സ്യം ഇറക്കുന്നതും വിൽക്കുന്നതും. ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ആയിരിക്കും ഹാർബർ പ്രവർത്തിക്കുക. കടലിൽ പോകുന്ന യന്ത്രവൽകൃത ബോട്ടുകൾക്കും പരമ്പരാഗത വള്ളങ്ങൾക്കും പ്രത്യേകം ടോക്കൺ നൽകി നിയന്ത്രിക്കും. മത്സ്യം വാങ്ങിക്കാൻ എത്തുന്നവർക്കും മത്സ്യത്തൊഴിലാളി സംഘങ്ങൾക്കും ടോക്കൺ നൽകും. ആളുകൾ കൂടുന്നത് ഒഴിവാക്കാനും സാമൂഹ്യ അകലം നിർബന്ധമാക്കുന്നതിനും പതിവ് ലേലം ഒഴിവാക്കി. ഹാർബറിൽ നിന്നും ടോക്കണുമായി വരുന്നവർക്ക് മത്സ്യം വാങ്ങിപ്പോകാം. മീൻ വില അധികൃതർ നിശ്ചയിക്കും. കേരളത്തിലെ മറ്റു ജില്ലകളിൽ നിശ്ചയിച്ച വിലയാണ് മടക്കര ഹാർബറിലും നിശ്ചയിക്കുക. ഇവിടെ നിന്ന് മീൻ വാങ്ങുന്നവർ അമിത വില ഈടാക്കി വിൽക്കരുത്. 20 ശതമാനം കൂട്ടാൻ മാത്രമേ അനുമതിയുള്ളൂ. അമിത വില ഈടാക്കുന്നത് സംബന്ധിച്ചു പരാതി ലഭിച്ചാൽ നടപടി എടുക്കും.
ലേലം ഒഴിവാക്കിയാൽ കൊള്ളലാഭം എടുക്കുന്നത് തടയാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. അതോടൊപ്പം മീൻ വാരലും കമ്മീഷൻ ഇടപാടും ഇല്ലാതാകുന്നതിനാൽ മത്സ്യതൊഴിലാളികൾക്കും ഗുണഭോക്താക്കൾക്കും ഉപകാരപ്രദമാകും. ഹാർബറിൽ നിന്നും മത്സ്യം നേരിട്ട് വാങ്ങിക്കുന്നതിന് കാഞ്ഞങ്ങാട് മുതൽ തൃക്കരിപ്പൂർ വരെ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ സഹായം ഫിഷറീസ് വകുപ്പും മത്സ്യഫെഡ് തേടിയിട്ടുണ്ട്. ജില്ലയിൽ 24 ഓളം മത്സ്യതൊഴിലാളി സംഘങ്ങളുണ്ട്. ഇവരുടെ സഹായം ലഭിച്ചാൽ ന്യായമായ വിലക്ക് ജനങ്ങൾക്ക് മത്സ്യം എത്തിച്ചു കൊടുക്കാൻ കഴിയും എന്നാണ് നിഗമനം. അതിലൂടെ പല ഘട്ടങ്ങളിലായി നടക്കുന്ന ഇടനിലക്കാരുടെ ഇടപാടുകൾ ഒഴിവാക്കാനും കഴിഞ്ഞേക്കും. ഹാർബർ തുറക്കുന്നതിന്റെ ഭാഗമായി അഗ്നിശമനസേന ജീവനക്കാർ ഇന്നലെ മടക്കര തുറമുഖം അണുവിമുക്തം ആക്കിയിരുന്നു. കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സതീശൻ, മത്സ്യഫെഡ് ജില്ലാ മാനേജർ വനജ എന്നിവരുടെ നേതൃത്വത്തിലാണ് ഹാർബർ പ്രവർത്തിക്കുന്നത്.