abroad-

കണ്ണൂർ: കൊവിഡ് 19 വ്യാപനത്തിൽ സംസ്ഥാനത്ത് മുന്നിലുള്ള കണ്ണൂർ ജില്ലയിൽ പുതിയ പദ്ധതിയുമായി ദുരന്ത നിവാരണ സേന രംഗത്ത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും മടങ്ങിയെത്തുന്നവരെ ഹോം ക്വാറന്റൈൻ കർശനമാക്കാനാണ് 'ലോക്ക് ദി ഹൗസ്' പദ്ധതിയുമായി ദുരന്ത നിവാരണ അതോറിറ്റി പ്രവർത്തന സജ്ജമായത്. നാളെ മുതൽ വിദേശ മലയാളികളും വന്നു തുടങ്ങും.

കർശന പരിശോധന നടത്തിയാണ് ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടുക. രോഗലക്ഷണംഉള്ളവരെ നേരിട്ട് ആശുപത്രിയിലേക്ക് അയക്കും. മറ്റുള്ളവർ ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിർദേശം. സർക്കാർ ഒരുക്കുന്ന കൊവിഡ് കെയർ സെന്ററുകളിൽ കഴിയാൻ താത്പര്യമുള്ളവർക്ക് അതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഒരു വീഴ്ചയും വരുത്തരുതെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ പ്രത്യേക സ്റ്റിക്കർ പതിക്കും. 'ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണത്തിൽ'എന്നായിരിക്കും സ്റ്റിക്കർ. അനാവശ്യമായ സന്ദർശനങ്ങൾ തടയുകയാണ് ഇതിന്റെ ലക്ഷ്യം. പ്രാദേശികമായി നിരീക്ഷണവും ഉറപ്പാക്കും. ജനകീയ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ രണ്ട് സംഘങ്ങളായുള്ള നിരീക്ഷണ സംവിധാനമാണ് നടപ്പിലാക്കുക. വാർഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിക്കായിരിക്കും വാർഡ് തലത്തിൽ പ്രവർത്തനത്തിന്റെ ചുമതല.

അതിനു കീഴിൽ ഏതാനും വീടുകൾക്ക് പ്രത്യേക നിരീക്ഷണ സമിതിയും ഉണ്ടാകും. ഇതിനു പുറമെയാണ് രണ്ടാം സംഘമായ പൊലീസിന്റെ നിരീക്ഷണം. ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റും. ഇതര സംസ്ഥാനങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയത് 185 മലയാളികളാണ്.

കാലിക്കടവ് വഴി 86 പേരും മാഹിയിലൂടെ 34 പേരും നിടുമ്പൊയിൽ അതിർത്തി കടന്ന് 65 പേരുമാണ് വന്നത്. കാലിക്കടവ് വഴി ആകെ പ്രവേശിച്ചത് 321 പേർ. ഇതിൽ 86 പേർ മാത്രമായിരുന്നു കണ്ണൂർ ജില്ലക്കാർ. മറ്റുള്ളവർ കോഴിക്കോടും മലപ്പുറവും ഉൾപ്പെടെ ഇതര ജില്ലകളിലേക്ക് പോകേണ്ടവരായിരുന്നു. കർശന മെഡിക്കൽ പരിശോധനക്ക് ശേഷമാണ് മുഴുവനാളുകളെയും തുടർയാത്രക്ക് അനുവദിച്ചതെന്നും ഇതേ നില തുടരുമെന്നും അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് പറഞ്ഞു.