pic

കണ്ണൂർ: എക്സൈസുകാർ ഓരോ ദിവസവും പരിശോധന ശക്തമാക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും വ്യാജ മദ്യ ലോബികൾക്കും ലഹരി വിൽപ്പനക്കാർക്കും കുലുക്കമേയില്ല. ഇന്നലെ ഏഴ് കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. കുന്നരു ചിറ്റടിയിൽ നിന്നും 320 ലിറ്റർ വാഷ് കണ്ടെത്തി. പയ്യന്നൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ വി. മനോജിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കൂത്തുപറമ്പ് സർക്കിളിലെ വിളക്കോട്ടൂരിൽ നടത്തിയ റെയ്ഡിൽ 40 ലിറ്റർ വാഷ് കണ്ടെത്തി. ആമ്പിലാട് സി.വി കുഴിയിൽ നിന്നും 200 ലിറ്ററും സെൻട്രൽ പൊയ്‌ലൂർ പൊടിക്കളത്തിൽ നിന്നും മറ്റൊരു 200 ലിറ്ററും പ്രിവന്റീവ് ഓഫീസർ പി. പ്രമോദൻ പിടികൂടി. കണ്ണൂർ സ്ക്വാഡ് പട്ടാനൂർ പാണലാട് നടത്തിയ റെയ്ഡിൽ 110 ലിറ്റർ വാഷ് പിടികൂടി. പാപ്പിനിശേരി റേഞ്ച് ഉദ്യോഗസ്ഥർ കണ്ണപുരം എടക്കേപ്പുറത്ത് നടത്തിയ റെയ്ഡിൽ 100 ലിറ്റർ വാഷും കണ്ടെത്തി. ശ്രീകണ്ഠാപുരത്ത് നടത്തിയ റെയ്ഡിൽ പ്രതിയടക്കം പിടിയിലായിട്ടുണ്ട്. പി.പി സുഭീഷ് (38)നെ അഞ്ച് ലിറ്റർ ചാരായം, 15 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ സഹിതമാണ് സി. രഞ്ജിത്തും സംഘവും പിടികൂടിയത്.