lovers

വടകര: പ്രേമം തലയിൽ കയറിയ കാമുകനും പ്രണയിനിക്കും ലോക്ക്ഡൗണും വൈറസ് വ്യാപനവും ഒന്നും ഒരു പ്രശ്നമല്ല. തന്നെ ഇപ്പോൾതന്നെ കൊണ്ടുപോകണമെന്ന് പ്രണയിനി ആവശ്യപ്പെട്ടപ്പോൾ തിരുവന്തപുരം സ്വദേശിയായ കാമുകന്റെ മുന്നിൽ ഒറ്റ വഴിയെയുണ്ടായിരുന്നുള്ളു. നേരെ ആംബുലൻസുമായി വടകരയിലേക്ക് പുറപ്പെട്ടു. കൂടെ രണ്ട് സുഹൃത്തുക്കളെയും കൂട്ടിയിരുന്നു.

ഒടുവിൽ മൂന്നുപേരെയും പൊലീസ് പൊക്കി അകത്താക്കി. കാമുകിയെ കടത്തിക്കൊണ്ടു പോകാൻ തിരുവനന്തപുരത്തു നിന്ന് ആംബുലൻസുമായി എത്തിയ കാമുകനും രണ്ടു സുഹൃത്തുക്കളും പൊലീസ് പിടിയിലായത്. തിരുവനന്തപുരം മൺവിള കിഴിവിലം ഉണ്ണി കോട്ടേജിൽ ശിവജിത്ത് (22), അരമട സജിത്ത് നിവാസിൽ സബീഷ് (48), ചെറിയതുറ ഫിഷർമെൻ കോളനിയിൽ ഉണ്ണി അൽഫോൻസ് (29) എന്നിവരാണ് അറസ്റ്റിലായത്. വടകരയിൽ നിന്നുള്ള രോഗിയെ തിരുവനന്തപുരത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാനെന്ന വ്യാജേനയാണ് ജില്ലകൾ കടന്ന ആംബുലൻസ് വടകരയിൽ എത്തിയത്.

ഇൻസ്റ്റഗ്രാം വഴിയാണത്രെ ശിവജിത്തും പെൺകുട്ടിയും പരിചയപ്പെട്ടത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. ഇന്ന് പുലർച്ചെ വടകരയിലെത്തിയ സംഘം മാങ്ങാട്ടുപാറ കുട്ടൂലി പാലം കനാലിൽ ആംബുലൻസ് കഴുകുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. പൊലീസ് കൂട്ടിക്കൊണ്ടു പോയെങ്കിലും രോഗിയുടെ നമ്പറിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ഇവർ പറഞ്ഞപ്പോൾ വിട്ടയച്ചു. കുരിയാടിയിൽ ആംബുലൻസ് കറങ്ങുന്നതു കൊണ്ട് നാട്ടുകാർ ചോദ്യം ചെയ്തപ്പോഴും കൃത്യമായ മറുപടി പറഞ്ഞില്ല. പിന്നീട് ഇതുവഴിയെത്തിയ റവന്യു സംഘമാണ് വീണ്ടും പൊലീസിനെ വിളിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തു വന്നത്.