pic

കോഴിക്കോട്: നാളെ ജില്ലയിലെത്തുന്ന പ്രവാസികളെ പാർപ്പിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടവും പൊലീസും. സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളിലുള്ളവരാണ് നാളെ കോഴിക്കോട് വിമാനതാവളത്തിൽ എത്തുക. ഇവരെ സ്വീകരിക്കാൻ ജില്ല ഒരുങ്ങി കഴിഞ്ഞു. വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധനക്കു ശേഷം നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. 11,000 പേരെ നിരീക്ഷണത്തിൽ പാർപ്പിക്കാനുള്ള സൗകര്യമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ഹോട്ടലുകൾ, റിസോർട്ടുകൾ, കോൺവെന്റുകൾ, ഗസ്റ്റ്ഹൗസുകൾ, മത സ്ഥാപനങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും താമസ സ്ഥലങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, ഒഴിഞ്ഞുകിടക്കുന്ന വീടുകൾ എന്നിവയെല്ലാം നിരീക്ഷണ കേന്ദ്രങ്ങളാണ്. അഞ്ചാം ദിവസം ബഹ്‌റൈനിൽ നിന്നുള്ള 200 പേർ എത്തും. ഏഴാം ദിവസം കുവൈത്തിൽനിന്നുള്ള 200 പേരെയും എത്തിക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ പ്രവാസികളാകും കരിപ്പൂരിലെത്തുക. മെഡിക്കൽ സംഘം പരിശോധന നടത്താതെ യാത്ര വന്നവർ ആയതിനാൽ എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കും. 7 ദിവസമാണ് നിരീക്ഷണ കാലാവധിയായി തീരുമാനിച്ചിട്ടുള്ളത്.