madakkara-harber

ചെറുവത്തൂർ: ദീർഘ കാലത്തെ ലോക്ക്ഡൗണിനൊടുവിൽ കാസർകോട് ജില്ലയിലെ പ്രധാന കേന്ദ്രമായ മടക്കര ഹാർബറിൽ മീനെത്തി. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് അധികൃതരുടെ കർശന നിയന്ത്രണത്തിൽ മീൻ വിൽപ്പന നടത്തിയത്. ഹാർബറിന്റെ പതിവ് ചിട്ടവട്ടങ്ങളൊക്കെ മാറ്റി ലേലം കൂടാതെ ന്യായ വില നിശ്ചയിച്ചാണ് മീനുകൾ വിൽക്കാൻ അനുവദിച്ചത്. പോരായ്മകൾ പറ്റിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിലും ഇതേ ജാഗ്രതയോടെ മാത്രമേ ഹാർബർ പ്രവർത്തിക്കാൻ അനുവദിക്കൂയെന്ന് അധികൃതർ പറഞ്ഞു.

മത്സ്യം വാങ്ങാനെത്തിയവരെ ശരീര താപനില പരിശോധിച്ച് മാത്രമാണ് ഹാർബറിലേക്ക് പ്രവേശിപ്പിച്ചത്. വീട്ടാവശ്യത്തിന് എത്തുന്നവരെയൊന്നും തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇവിടേക്ക് അടുപ്പിച്ചില്ല. എല്ലാ വകുപ്പിലെ ഉദ്യോഗസ്ഥരും ഇവിടെയെത്തി. പേര്,മൊബൈൽ നമ്പർ, പ്രവേശന സമയം എന്നിവയെല്ലാം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാവിയിൽ സമ്പർക്ക ലിസ്റ്റ് ചോദിച്ചാൽ വേണ്ടിവരുമെന്ന് കണക്കാക്കിയാണ് ഇത് ശേഖരിച്ചത്. പരമാവധി കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയാണ് ഇവിടെ മീൻ വിൽക്കാനുള്ള വില നിശ്ചയിച്ചത്. ബോട്ടിനും തോണികളും വേവേറെ സ്ഥലം നിശ്ചയിച്ചാണ് നാളെ മുതൽ മീൻ വിൽപ്പന നടത്തുക. മീൻ കൈയ്യിട്ട് വാരാനും അനുമതി നൽകില്ല. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് നോഡൽ ഓഫീസർ സി.പി ഭാസ്കരൻ, ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസർ എം. ചന്ദ്രൻ, മത്സ്യ ഫെഡ് ജില്ലാ മാനേജർ വനജ, ഹാർബർ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളൊക്കെ എത്തിയിരുന്നു. രാവിലെ 7.30 മുതൽ ഇവരുടെ മേൽനോട്ടത്തിലാണ് ഹാർബർ പ്രവർത്തിച്ചത്. കൊവിഡ് വ്യാപനം തടയാൻ പരമാവധി സാമൂഹിക അകലം പാലിച്ചേ പ്രവർത്തിക്കാൻ അനുവദിക്കൂയെന്ന് പറഞ്ഞപ്പോഴും ചിലർ അനുസരിക്കാൻ വിമുഖത കാട്ടി. പൊലീസ് അടക്കം ഇതിൽ ഇടപെട്ട് നിർദ്ദേശം നൽകി.