മടിക്കൈ: കൊവിഡ് പേടിയിൽ ചങ്ങാതിമാരൊക്കെ വരവ് നിർത്തിയതോടെ വല്ലാത്ത നിരാശയിലായിരുന്നു നാലു വയസുകാരി ഇക്ത. ഒറ്റയ്ക്ക് ഇരുന്ന് മടുത്തതോടെ അച്ഛനോട് കാര്യം പറഞ്ഞു. കളിപ്പാട്ടങ്ങളുടെ കടയൊന്നും ഇല്ലാത്തതിനാൽ സ്വന്തമായി ഒന്ന് ഉണ്ടാക്കിയാലോ എന്നായി അച്ഛൻ സുനേഷിന്റെ ചിന്ത. ജോലി ബൈക്ക് മെക്കാനിക്ക് ആയതിനാൽ പല സ്ക്രാപ്പ് കടകളിൽ നിന്നായി സംഘടിപ്പിച്ച പാഴ് വസ്തുക്കളൊക്കെ ചേർത്ത് ഒരു ഗോ കാർട്ടിന്റെ പണി തുടങ്ങി. വെൽഡിംഗും വയറിംഗും ഒക്കെ പല ദിവസങ്ങളിലായി കുത്തിയിരുന്ന് ചെയ്തതോടെ ഇവളിപ്പോൾ മുറ്റം നിറയെ കറങ്ങുന്നത് വ്യത്യസ്ഥമായൊരു വണ്ടിയിലാണ്.
വേഗത നിയന്ത്രിക്കാനുള്ള കൺട്രോളർ മാത്രം പണം മുടക്കി ഓൺലൈനിൽ നിന്നും വാങ്ങിയതാണ് ആകെയുള്ള ചെലവ്. ബൈക്ക് ഉടമകൾ ഉപേക്ഷിച്ച ബാറ്ററിയാണ് വണ്ടിയുടെ ഹൃദയം. ഇരിക്കുന്ന സീറ്റാകട്ടെ മൂന്ന് ചക്രമുള്ള സൈക്കിളിന്റെതാണ്. ഗെയിം സെന്ററുകാർ ഉപേക്ഷിച്ച കളിപ്പാട്ടത്തിന്റെ സ്റ്റിയറിംഗാണ് ഇക്ത തന്റെ ഗോ കാർട്ടിനെ മെരുക്കി കൊണ്ടുപോകാൻ ഉപയോഗിക്കുന്നത്. ബാറ്ററി അഞ്ച് മണിക്കൂർ വരെ നിൽക്കുന്നുണ്ട്. ഇക്ത തിരക്ക് കൂട്ടിയതോടെ ഇൻഡിക്കേറ്റർ, ലൈറ്റ്, ഹോൺ എന്നിവ പിടിപ്പിക്കാനൊന്നും സുനേഷിന് സമയം കിട്ടിയിരുന്നില്ല. ഇതിന്റെ ബോഡി പണിയൊക്കെ ഇക്ത ഉറങ്ങുമ്പോൾ വേണം ചെയ്യാനെന്ന് സുനേഷ് പറയുന്നു.
ഈ വണ്ടിയ്ക്ക് റിവേഴ്സ് ഗിയറുമുണ്ട്. ആക്സിലേറ്റർ പെഡലിലും സ്റ്റിയറിംഗിലുമാണ് ഇതിനുള്ള സ്വിച്ച്. മുന്നിലെ രണ്ട് വീലുകളിലും സസ്പെൻഷനുമുണ്ട്. കുഴികളിൽ വീണാലൊന്നും ഇക്തയ്ക്ക് കുലുക്കം പ്രശ്നമാകില്ല.
മടിക്കൈ അമ്പലത്തുകരയിൽ ചെറിയൊരു ബൈക്ക് വർക്ക് ഷോപ്പ് നടത്തുന്ന സുനേഷ് കാഞ്ഞങ്ങാട് നിത്യാനന്ദ പോളി ടെക്നിക്കിൽ നിന്നും ഓട്ടോ മൊബൈൽ എൻജിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞയാളാണ്. തുടർന്ന് ആമറോണിൽ സർവീസ് എൻജീയറായിരുന്ന ശേഷം ജോലി ഉപേക്ഷിച്ചാണ് നാട്ടിൽ വർക്ക്ഷോപ്പ് ആരംഭിച്ചത്. ഇക്ത ഡ്രൈവ് ചെയ്യുന്ന വണ്ടി വൈറലായതോടെ പഴയ കൂട്ടുകാരൊക്കെ നമ്പർ തേടിപ്പിടിച്ച് വിളിച്ചതിന്റെ സന്തോഷത്തിലാണിയാൾ. ഇതിനിടെ അപ്രതീക്ഷിതമായി അഞ്ച് വണ്ടിയുടെ ഓർഡറും ലഭിച്ചു. ലോക്ക് ഡൗണിൽ വെറുതേയിരുന്ന് മടുക്കുമ്പോൾ ഇതൊക്കെ നിർമ്മിക്കാൻ സമയം ലഭിച്ചെന്ന് സുനേഷ് പറയുന്നു. അഞ്ജുവാണ് ഇക്തയുടെ അമ്മ.
ഫോൺ: 9567 1388 55