കാഞ്ഞങ്ങാട്: നാൽപ്പതും അമ്പതും തൊഴിലാളികൾ നാട്ടുവർത്തമാനം പറഞ്ഞ് ചെയ്തിരുന്ന ബീഡി തെറുപ്പ് കമ്പനികളിൽ നിന്ന് വീടുകളിലേക്ക് മാറുന്നു. ലോക്ക് ഡൗണിനെ തുടർന്ന് പൂട്ടിയ കാസർകോട്, കണ്ണൂർ ജില്ലകളിലെ ദിനേശ് ബീഡി കമ്പനികളിൽ നിന്ന് തിങ്കളാഴ്ച മുതൽ തെറുപ്പിനാവശ്യമായ ഇലയും പുകയിലയും മറ്റും വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. . ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യാൻ അനുമതിയായിട്ടില്ല. കാസർകോട് ജില്ലയിൽ കാസർകോട് മുനിസിപ്പാലിറ്റി, ചെങ്കള, ചെമ്മനാട് , ഉദുമ, അജാനൂർ പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളാണ്. ഇവിടങ്ങളിലെ തൊഴിലാളികളെ ഉൾക്കൊള്ളുന്ന കാസർകോട്, കോട്ടച്ചേരി ബീഡി വ്യവസായ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നില്ല.

കഴിഞ്ഞ വർഷത്തെ ഉൽപാദനത്തിന്റെ ശരാശരി കണക്കാക്കിയാണ് തൊഴിലാളികൾക്ക് ജോലി നൽകുന്നത്. സ്വകാര്യ ബീഡി മേഖലയിൽ മൂന്നുദിവസം ജോലി ചെയ്യുന്നതിനുള്ള ഇലയും പുകയിലയുമാണ് അനുവദിച്ചിട്ടുള്ളത്. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഡിപ്പോകൾ തുറക്കുന്നത്. ബീഡിക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ടെങ്കിലും ഇതരസംസ്ഥാനങ്ങളിലേക്ക് ഗതാഗത സംവിധാനമില്ലാത്തതാണ് പ്രശ്നമായത്. ചരക്ക് നീക്കം സുഗമമാകുന്നതുവരെ നിർമിച്ച ബീഡി ഡിപ്പോകളിൽ ഉണക്കി സൂക്ഷിക്കാനാണ് ധാരണ. ജില്ലയിൽ ഏഴു സഹകരണ പ്രൈമറി സംഘങ്ങളാണ് ദിനേശ് ബീഡി ഉൽപാദിപ്പിക്കുന്നത്. ഇതിൽ അഞ്ചെണ്ണമാണ് തുറന്നു പ്രവർത്തിക്കുന്നത്.