കാസർകോട്: വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു കടന്ന സംഭവത്തിൽ യുവാവിനെ നരഹത്യാ ശ്രമക്കേസിൽ വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തു. എരിയാൽ സ്വദേശിയായ മുഹമ്മദ് അജ്മലിനെ (21)യാണ് വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഉളിയത്തടുക്ക എസ് പി നഗറിൽ വെച്ച് അജ്മൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം ബൈക്കിൽ കടന്നുകളഞ്ഞത്. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ പിലിക്കോട് കാലിക്കടവിലെ കെ.വി സനൂപ് (29) പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് മറിഞ്ഞ് അജ്മലിനും പരിക്കേറ്റിരുന്നു. സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞ അജ്മലിനെ സനൂപിനൊപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ തളങ്കരയിലെ പി വഹാബ് പൊലീസ് ബൈക്കിൽ പിന്തുടർന്ന് വിദ്യാനഗർ സ്റ്റേഡിയത്തിനടുത്ത് വെച്ച് പിടികൂടുകയായിരുന്നു. കൊവിഡ് നിരീക്ഷണം ലംഘിച്ച് കറങ്ങിയതിന് അജ്മലിനെ രണ്ടാഴ്ച മുമ്പ് കുമ്പള പൊലീസ് പിടികൂടിയതായും വിദ്യാനഗർ സി.ഐ വി.വി മനോജ് പറഞ്ഞു.