കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായി പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ ക്വാറന്റീൻ സംവിധാനം ഒരുക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ സജ്ജം. ജില്ലാ തലത്തിലും തദ്ദേശസ്ഥാപന തലത്തിലുമാണ് ഇതിനായി സൗകര്യം ഒരുക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് കെയർ സെന്ററുകളിൽ ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദേശം. ഇതുപ്രകാരം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ക്വാറന്റീൻ സൗകര്യം ഒരുക്കും. ഹോം ക്വാറന്റീനിൽ വീഴ്ച വരാതിരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും. ഇത് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്.
ഇക്കാര്യം വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേർന്നു. തദ്ദേശസ്ഥാപനങ്ങളെ നാല് ബാച്ചായി തിരിച്ചാണ് യോഗം നടത്തിയത്. ക്വാറന്റീൻ ഫലപ്രദമാണെന്ന് ഉറപ്പു വരുത്താൻ പ്രാദേശിക നിരീക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ നിർദേശിച്ചു. യോഗത്തിൽ സബ് കളക്ടർ എസ്. ഇലാക്യ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ അരുൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ എന്നിവരും പങ്കെടുത്തു.