ചെറുപുഴ: ചെറുപുഴ കമ്പിപ്പാലം നാട്ടുകാരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തി കാൽനട യാത്രയ്ക്ക് സജ്ജമാക്കി. ആയന്നൂർ, തവളക്കുണ്ട് ഭാഗങ്ങളിലെ ജനങ്ങൾ ചെറുപുഴയിലെത്താനാണ് കമ്പിപ്പാലം ഉപയോഗിക്കുന്നത്. പാലത്തിന്റെ പലകകൾ ചിലത് ഇളകിപ്പോകുകയും ബലക്ഷയം വരികയും ചെയ്തതോടെ കമ്പി പാലം വഴിയുള്ള യാത്ര ആളുകൾക്ക് പേടിസ്വപ്നമായിരുന്നു.
ഇതിന് പരിഹാരമായാണ് കമ്പിപ്പാലം പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പലകകൾ അടിച്ച് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കിയത്. ചെറുപുഴ ചെക്ക്ഡാം വരുന്നതിന് മുൻപ് ആയന്നൂർ, തവളക്കുണ്ട്, കമ്പല്ലൂർ, കടുമേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നൂറു കണക്കിനാളുകൾ കമ്പിപ്പാലം വഴിയാണ് ചെറുപുഴയിലെത്തിയിരുന്നത്.
52 വർഷം പഴക്കമുള്ള ചെറുപുഴ കമ്പിപ്പാലം നശിച്ചു പോകാതെ നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചെറുപുഴ പഞ്ചായത്തിന്റെ അധീനതയിലാണ് പാലം. സന്നദ്ധ പ്രവർത്തനങ്ങൾക്ക് രാജു ഐയ്യമല, സി.കെ. രാധാകൃഷ്ണൻ, എ.പി. ബാബു, വി.പി. സിബി എന്നിവർ നേതൃത്വം നൽകി.