മാഹി: മാഹി പാലത്തിന് സമീപം വച്ച് കേരള പൊലീസ് ജീവനക്കാരെ തടഞ്ഞുവച്ചതിനാൽ മാഹിയിലെ വിവിധ ബാങ്കുകൾ ഇന്നലെ പ്രവർത്തിച്ചില്ല. ചിലത് ഉച്ചയ്ക്കാണ് പ്രവർത്തനമാരംഭിച്ചത്. അടിയന്തരവും അനിവാര്യവുമായ കാര്യങ്ങൾക്ക് യാത്ര ചെയ്യുവാൻ കേരളത്തിൽ പൊലീസ് സ്റ്റേഷനുകളിൽ നിന്നും യാത്രാപാസുകൾ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം വരെ മാഹിയിലും ഇതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാസ് നൽകുന്നത് നിർത്തിയതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് പോലും ജനങ്ങൾക്ക് പുറത്ത് പോകാനാവുന്നില്ല.
മാഹിക്കകത്തെ ചെറുകല്ലായി പ്രദേശം യാത്രാ നിരോധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ചെറുകല്ലായിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ചാലക്കര സർദാർ കോർണറിൽ വച്ച് റോഡ് ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇതുമൂലം ഒന്നര കിലോമീറ്റർ ദൂരമുളള മാഹിയിലെത്താൻ അഞ്ച് കീലോമീറ്റർ ചുറ്റി വളഞ്ഞ് ചൊക്ലി , പെരിങ്ങാടി വഴി പോകേണ്ട അവസ്ഥയാണ്.
മാഹി കൊവിഡ് മുക്തമേഖല
ചെറുകല്ലായിയുടെ പ്രവേശന കവാടമായ ഫ്രഞ്ച് പെട്ടിപ്പാലത്ത് വെച്ച് വാഹനങ്ങളെ പരിമഠത്തേക്ക് തിരിച്ചു വിട്ടാൽ ഒരു കിലോമീറ്റർ ദൂരം അധികം സഞ്ചരിച്ചാൽ മതിയാകും. മയ്യഴി ഇപ്പോൾ കൊവിഡ് വിമുക്ത മേഖലയാണ്. കടകൾ തുറന്ന് പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ പൊലീസിലെ ചില ഹോം ഗാർഡുകൾ നിയമം കൈയിലെടുത്ത് യാത്രക്കാരെ അകാരണമായി ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.