kottiyoor
പടം :വൈശാഖോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അവിൽ അളവിനുള്ള അവിൽ എഴുന്നള്ളിച്ച് നിയുക്തരായ സ്ഥാനികർ ഇക്കരെ കൊട്ടിയൂരിലെത്തിയപ്പോൾ

കൊട്ടിയൂർ: ഇരുപത്തിയെട്ടു ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം ഇന്ന് ഇക്കരെ കൊട്ടിയൂരിൽ നടക്കും.വൈശാഖ മഹോത്സവത്തിന്റെ മുഴുവൻ ചടങ്ങുകളും നാളുകളും സമയക്രമങ്ങളും നിശ്ചയിക്കുന്നത് പ്രക്കൂഴത്തിനാണ്. അക്കരെ ക്ഷേത്ര സന്നിധിയിലെ വിശേഷ പൂജാദികൾക്കുള്ള നെല്ല്, അവിൽ എന്നിവയും അളന്നു ചിട്ടപ്പെടുത്തുന്നതും ഇന്നുതന്നെയാണ്.

മാലൂർപ്പടി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ചുകൊണ്ടു വന്ന നെയ്യ് കൊണ്ട് വിളക്ക് തെളിയിച്ചാണ് ചടങ്ങിന് തുടക്കം കുറിക്കുന്നത്.പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് ശ്രീ നരസിംഹ ക്ഷേത്രത്തിൽ നിന്നാണ് അവിൽ എഴുന്നള്ളിച്ച് കൊണ്ടുവന്നത്. അവിൽ അളന്നതിന് ശേഷം നെല്ലളവും നടക്കും. ക്ഷേത്രത്തിലെ കുത്തോട് എന്ന സ്ഥാനത്തുവെച്ചാണ് അളവ് നടക്കുന്നത്.പ്രക്കൂഴ ദിവസം രാവിലെ മുതൽ രാത്രി വൈകി വരെ ക്ഷേത്രത്തിൽ ചടങ്ങുകൾ ഉണ്ട്. രാത്രി ആയില്യാർക്കാവിൽ നിഗൂഢ പൂജയും നടക്കും.

പ്രക്കൂഴം ചടങ്ങിന്റെ ഭാഗമായുള്ള അവിലും നെയ്യും പതിവിന് വിപരീതമായി ഇന്നലെ ഇക്കരെ കൊട്ടിയൂർ സന്നിധിയിലെത്തിച്ചു. സാധാരണ പ്രക്കൂഴത്തിന്റെ തലേ ദിവസം കാൽനടയായി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ തങ്ങിയ ശേഷം പ്രക്കൂഴം ദിവസം രാവിലെയാണ് ഇക്കരെ കൊട്ടിയൂരിൽ എത്തിക്കുക. പതിനഞ്ചോളം ആളുകൾ ചേർന്നാണ് അവിൽ എത്തിക്കുന്നത്. എന്നാൽ ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ 3 പേർ മാത്രമാണ് അവിൽ എഴുന്നള്ളിച്ച് എത്തിയത്. ആയില്യാർക്കാവിൽ നടക്കുന്ന പ്രത്യേക പൂജയ്ക്ക് ഉപയോഗിക്കാനുള്ള നെയ്യും ഇന്നലെ മാലൂർപ്പടി ക്ഷേത്രത്തിൽ നിന്നും കുറ്റേരി തറവാട്ട് സ്ഥാനികൻ എഴുന്നള്ളിച്ച് ഇക്കരെ സന്നിധിയിലെത്തിച്ചു.