കാസർകോട്: അസർ നമസ്കരിക്കാൻ മുറിയിൽ കയറി കതകടച്ച യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.സൗത്ത് ചിത്താരിയിലെ ക്വട്ടേർഴ്‌സിൽ താമസിക്കുന്ന റഫിയത് (24) ആണ് തൂങ്ങി മരിച്ചത്. നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഉമ്മയെ സഹായിക്കുന്നതിനിടയിൽ അസർ നമസ്കരിക്കാൻ മുറിയിൽ കയറി കതകടച്ച യുവതി തൂങ്ങിമരിക്കാൻ പെട്ടെന്നുണ്ടായ പ്രേരണ എന്താണെന്ന് കണ്ടെത്തിയിട്ടില്ല. കതക് തുറക്കാത്തതിനെ തുടർന്നു സംശയം തോന്നിയ വീട്ടുകാർ കതക് തകർത്തപ്പോൾ ഫാനിൽ തൂങ്ങിയ യുവതിയെ ആണ് കാണുന്നത് . ഉടനെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
തലശ്ശേരി സ്വദേശികളായ കുടുംബം വർഷങ്ങളായി സൗത്ത് ചിത്താരിയിലാണ് താമസം. ചെറിയ മാനസിക അസ്വാസ്ഥ്യം ഉള്ള മുക്കൂട് സ്വദേശി ഇസ്മയിലാണ് ഭർത്താവ്. ഇയാളുമായി പിണക്കത്തിൽ ആയിരുന്ന യുവതി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. അയൽവാസികൾക്കെല്ലാം പ്രിയങ്കരിയായ യുവതിയുടെ മരണം പ്രദേശവാസികളിൽ വലിയ ഞെട്ടൽ ഉണ്ടാക്കി. മൃതദേഹം ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം ചെയ്യും. പിതാവ് റഫീഖ് ഓട്ടോ തൊഴിലാളിയാണ്. റിയാസ്, റമീസ്, റഹീസ് തുടങ്ങിയവർ സഹോദരങ്ങളാണ്.