കാസർകോട്: കർണ്ണാടക അതിർത്തിയിലൂടെ ജില്ലയിലേക്ക് എത്തുന്നവർക്ക് കർണ്ണാടക കേരള സർക്കാറുകുടെ പാസ് നിർബന്ധമാക്കിയതോടെ വലഞ്ഞത് മഹാരാഷ്ട്രയിലെ അയ്യായിരത്തോളം മലയാളികൾ. മഹാരാഷ്ട്രയിലെ പാസ് ലഭിച്ചവർക്കും ഇനി സംസ്ഥാനത്ത് കടക്കാനാവില്ല. ഗോവ, പൂനെ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് മലയാളികളാണ് സംസ്ഥാനത്തേക്ക് വരാൻ ഒരുങ്ങിയിരിക്കുന്നത്. നിലവിൽ സ്വന്തം വാഹനം ഉള്ളവര്‍ക്കാണ് സംസ്ഥാനത്തേക്ക് പ്രവേശനമുള്ളത്. 1820 പേരാണ് ഇതുവരെ പാസ് നേടി സംസ്ഥാനത്തേക്ക് കടന്നത്. 10,415 പേർ അപേക്ഷ നൽകിയിട്ടുണ്ട്. കേരള കർണാടക പാസുകളുമില്ലാതെ ഒരാളേയും ജില്ലയിലേക്ക് കടത്തി വിടില്ലെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.
കർണ്ണാടകയിൽ നിന്നുള്ള പാസിന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ കൂട്ടിക്കൊണ്ട് പോവുന്നതിന് തലപ്പാടി അതിർത്തിയിലേക്ക് വരുന്ന ജില്ലയിലെ താമസക്കാരായവരും പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കുകയും വേണമെന്നും അദ്ദേഹം അറിയിച്ചു. ലോക് ഡൗണിന് മുമ്പ് മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ടുപോയ മലയാളികളെ തിരികെ സംസ്ഥാനത്ത് എത്തിക്കാൻ വിപുലമായ സംവിധാനങ്ങളായിരുന്നു തലപ്പാടിയിലടക്കമുള്ള അതിർത്തി ചെക്ക് പോസ്റ്റുകളിൽ കേരളം ഒരുക്കിയത്. കണക്കുകൂട്ടിയ രീതിയിലല്ല കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. കടന്നുവരുന്ന മലയാളികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലായിരത്തോളം ആളുകളെ പ്രതീക്ഷിച്ചെങ്കിലും ആയിരത്തിൽ താഴെ ആളുകളാണ് എത്തുന്നത്. 100 പരിശോധനാ കൗണ്ടറുകളാണ് തലപ്പാടിയിലൊരുക്കിയത്. എന്നാൽ കേരള സർക്കാർ പ്രതീക്ഷിച്ചത്രയും ആളുകൾ തലപ്പാടി ചെക്ക് പോസ്റ്റ് കടന്ന് വരുന്നില്ലെന്ന് കണ്ടെത്തിയതോടെ കൗണ്ടറുകളുടെ എണ്ണം 68 ആയി കുറച്ചു. രാത്രിയിലെത്തുന്നവർ രാവിലെ വരെ അവിടത്തന്നെ കഴിയണം. ഗർഭിണികളടക്കമുള്ളവർ നാലുമണിക്കൂറോളം അവിടെ കഴിയേണ്ടി വന്നതായും പരാതിയുണ്ട്.
മഹാരാഷ്ട്രയിലും ഗോവയിലും കുടുങ്ങിയ സ്വന്തമായി വാഹനം ഇമില്ലാത്തവർക്ക് ബസ് സൗകര്യം ഏർപ്പെടുത്തിക്കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീൻ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ നാട്ടിലേക്ക് വാരാനുണ്ട്. അവരൊക്കയും യാത്രാചിലവ് നൽകാനും നാട്ടിലെത്തിയാൽ നീരീക്ഷണത്തിൽ കഴിയാനും തയ്യാറാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ പാസ് നയം അവരെ പ്രതിസന്ധിയിൽ ആക്കിയിരിക്കയാണ്. മഹാരാഷ്ട്ര സർക്കാരിനോട് കേരളം അഭ്യർത്ഥിച്ചാൽ മലയാളികൾക്ക് നാട്ടിലേക്ക് വരാനാകുമെന്ന് എം.എൽ.എ പറഞ്ഞു. കർണാടകയിൽ പാസ് വേണ്ട, വിടുന്ന സംസ്ഥാനെത്തെയും എത്തുന്ന സംസ്ഥാനത്തെയും പാസ് മതി കർണാടകക്ക്. കർണാടക ഇപ്പോൾ പാസ് നൽകുന്നില്ല.